k

നാളെ രാത്രി നാട്ടിൽ എത്തിക്കും

ശിശുക്ഷേമ സമിതിയിൽ ഹാജരാക്കും

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് വീടുവിട്ടിറങ്ങിയ അസാം ബാലിക (13 ) വീട്ടിലേക്ക് തിരിച്ചു വരാൻ തയ്യാറല്ലെന്ന് വിശാഖപട്ടണത്തെ സംരക്ഷണ കേന്ദ്രത്തിലെ അധികൃതരോട് പറഞ്ഞു. എന്തിനും അമ്മ മർദ്ദിക്കുന്നത് കാരണമാണ് വീടുവിട്ടറങ്ങിയത്. അസാമിലെ അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും അടുത്ത് പോകാനാണ് ട്രെയിനിൽ കയറിയതെന്നും കുട്ടി പറഞ്ഞു.

കുട്ടി പറഞ്ഞതല്ലൊം വിശാഖപ്പട്ടണത്തെ അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ പ്രത്യേക അനുമതി വാങ്ങി കുട്ടിയെ കണ്ട മലയാളി അസോസിയേഷൻ പ്രതിനിധികളോടും കുട്ടി ഇതു തന്നെയാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് പോയ താംബരം എക്സ്‌പ്രസിൽ വിശാഖപട്ടണത്തു വച്ച് രാത്രി 10നാണ് മലയാളി സമാജം പ്രവർത്തകർ കുട്ടിയെ കണ്ടെത്തിയത്.

നാളെ നാട്ടിലെത്തിക്കും

ബാലികയെ കൊണ്ടുവരാനായി സിറ്റി പൊലീസിന്റെ നാലംഗ സ്‌ക്വാഡ് ഇന്ന് വിശാഖപട്ടണത്ത് എത്തും. കഴക്കൂട്ടം സ്റ്റേഷൻ ചുമതലയുള്ള രഞ്ജിത്ത് വി.എസിന്റെ സ്‌ക്വാഡിൽ വനിതാ എസ്.ഐ, വനിതാ പൊലീസ്, സിവിൽ പൊലീസ് ഓഫീസർ എന്നിവരുമുണ്ട്. ശിശുക്ഷേമ സമിതിയിലുള്ള കുട്ടിയെ അവിടത്തെ മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ കേരള പൊലീസിന് കൈമാറും. കേരള പൊലീസിന്റെ വാഹനത്തിലാണ് സംഘം പോയതെങ്കിലും കുട്ടിയെ ട്രെയിനിലോ മറ്റ് വാഹനത്തിലോ ആവും നാട്ടിൽ എത്തിക്കുന്നത്. നാളെ രാത്രി വൈകി സംഘം കുട്ടിയുമായി നാട്ടിലെത്തും. ഇവിടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കി കൗൺസലിംഗ് നൽകും. തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ബാക്കി നടപടികൾ.ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ പൊലീസിന് കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറാനാവൂ. മാതാപിതാക്കൾക്കും കൗൺസലിംഗ് നൽകാൻ ആലോചനയുണ്ട്.

വിശാഖപട്ടണത്തെ കേന്ദ്രത്തിൽ സന്തോഷവതിയാണ് ബാലിക.രണ്ട് ദിവസം പച്ചവെള്ളം അല്ലാതെ ഒന്നും കഴിക്കാതെ അവശായ കുട്ടി ആഹാരം കഴിച്ച് അവശതയൊക്കെ മാറി. അപ്പൂപ്പന്റെ അടുത്തേക്ക് പോകണമെന്നാണ് എപ്പോഴും പറയുന്നതെന്ന് അധികൃതർ അറിയിച്ചു.

ശാരീരിക അതിക്രമം അന്വേഷിക്കും:ഡി.സി.പി
ബാലികയ്‌ക്ക് മാതാപിതാക്കളിൽ നിന്ന് ശാരീരിക അതിക്രമം നേരിട്ടോ എന്ന് അന്വേഷിക്കുമെന്ന് തിരുവനന്തപുരം ഡി.സി.പി ഭരത് റെഡ്ഡി പറഞ്ഞു.

കുട്ടിയെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. പിന്നീട് മൊഴിയെടുക്കും.