□ഒരാൾ കസ്റ്റഡിയിൽ
ശംഖുംമുഖം: വാഷ്റൂമിലെ ടിഷ്യു പേപ്പറിൽ കണ്ട ബോംബ് ഭീഷണിയെ തുടർന്ന് എയർഇന്ത്യയുടെ മുംബയ് -തിരുവനന്തപുരം വിമാനം 18 മിനിറ്റിൽ ആകാശത്തു നിന്ന് നിലത്തിറക്കി. യാത്രക്കാരെ പുറത്തിറക്കിയ ശേഷം നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമെന്ന് തെളിഞ്ഞു.
ഇന്നലെ രാവിലെ ഏഴരയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഭീഷണി അങ്കലപ്പുണ്ടാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ യാത്രക്കാരൻ രാജരത്നയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വലിയതുറ പൊലീസിന് കൈമാറി.
വിശദമായ അന്വേഷണം ആരംഭിച്ചു. ഏഴംഗ ക്രൂ ഉൾപ്പെടെ 135പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ജൂൺ 28ന് വിസ്താരയുടെ തിരുവനന്തപുരം - മുംബയ് വിമാനവും ബോംബ് ഭീഷണിയെ തുടർന്ന് നിലത്തിറക്കിയിരുന്നു. കാബിൻ ക്രൂ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് രാജരത്നയെ കസ്റ്റഡിയിലെടുത്തത്. സൗദി അറേബ്യയിലെ റിയാദിൽ നിന്നുമെത്തിയ ഇയാൾ മുംബയിൽ നിന്നാണ് തിരുവനന്തപുരം വിമാനത്തിൽ കയറിയത്. യാത്രയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിക്കുകയും പലതവണ വാഷ്റൂമിലേക്ക് പോവുകയും ചെയ്തതായി കാബിൻക്രൂ മൊഴി നൽകി. ചില യാത്രക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു. ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായാണിയാൾ സംസാരിച്ചത്.
ഭീഷണിക്കത്തിൽ അക്ഷരത്തെറ്റ്
ഇന്നലെ രാവിലെ ഏഴിന് മുംബയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ എ.ഐ 657 വിമാനത്തിലായിരുന്നു ഭീഷണി കണ്ടെത്തിയത്. 7.35ന് വാഷ് റൂമിൽ പോയ കാബിൻ ക്രൂവിലൊരാളാണ് ടിഷ്യുപേപ്പറിൽ തെറ്റായ സ്‌പെല്ലിംഗുകളോടെ വിമാനത്തിൽ ബോംബ് വച്ചതായി ഇംഗ്ളീഷിൽ കുറിച്ചത് കണ്ടെത്തിയത്. ഉടൻ പൈലറ്റിനെ വിവരമറിയിക്കുകയും പൈലറ്റ് നൽകിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി വിമാനം നിലത്തിറക്കാൻ തിരുവനന്തപുരം എയർട്രാഫിക് കൺട്രോൾ നിർദ്ദേശിക്കുകയുമായിരുന്നു. മറ്റ് വിമാനങ്ങൾ ഒഴിവാക്കി 7.53ഒാടെ വിമാനം റൺവേയിലറിക്കി. വിമാനം സുരക്ഷാ ബേയിലേക്ക് മാറ്റിയാണ് പരിശോധിച്ചത്. ലഗേജടക്കം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. 8.10 എത്തിച്ചേരേണ്ട വിമാനമായിരുന്നു ഇത്. ഇതുമൂലം 7.45 ന് ഇറങ്ങേണ്ട മസ്ക്കറ്റിൽ നിന്നുളള ഒമാൻ എയർലൈൻസ് വിമാനവും, 8.05ന് ഇറങ്ങേണ്ട എയർഇന്ത്യ എക്പ്രസിന്റെ ഹൈദാബാദിൽ നിന്നുള്ള ബംഗളൂരു വിമാനവും ലാൻഡിംഗ് വൈകി. ഭീഷണിയുണ്ടായ വിമാനത്തിന്റെ തുടർയാത്ര റദ്ദാക്കി. രാവിലെ 8.45നുള്ള ഫ്ളൈറ്റാണ് കാൻസൽ ചെയ്തത്. ടിക്കറ്റ് റീഫണ്ട് ചെയ്യുകയും മറ്റുള്ളവരെ രാത്രി 9മണിക്ക് വിമാനം റീഷെഡ്യൂൾ ചെയ്തതിൽ യാത്രാ സൗകര്യമേർപ്പെടുത്തുകയും ചെയ്തു. 27 യാത്രക്കാർ ടിക്കറ്റ് കാൻസൽ ചെയ്തു. മറ്റുള്ളവർ രാത്രി 9നുള്ള റീഷെഡ്യൂൾ വിമാനത്തിൽ യാത്ര ചെയ്തു. ആകെ 150യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.