k

തിരുവനന്തപുരം: 'ഒരു സ്‌പീഡോമീറ്റർ പ്രവർത്തിപ്പിക്കുന്നതിനുള്ള കോഡ് എഴുതാൻ മന്ത്രി പി.രാജീവ് പറഞ്ഞപ്പോൾ സെക്കൻഡുകൾക്കുള്ളിൽ എഴുതി നൽകി ലീല സദസിനെ അദ്ഭുതപ്പെടുത്തി. വാഹന സോഫ്ട്‍വെയർ നിർമ്മാതാക്കളായ ആക്‌സിയ ടെക്‌നോളജീസ്, വാഹന സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കാൻ വികസിപ്പിച്ച എ.ഐ കോ പൈലറ്റാണ് ലീല. ഇന്നലെ ടെക്നോപാർക്കിലെ ഫേസ് 3യിൽ നടന്ന ചടങ്ങിലാണ് രാജീവ് ലീല എ.ഐ പുറത്തിറക്കിയത്.

ലളിതമായ നിർദ്ദേശങ്ങൾ നൽകി സങ്കീർണമായ കോഡുകൾ എഴുതാനെടുക്കുന്ന സമയം ലീലയിലൂടെ ലഘൂകരിക്കാം. ലീല തയാറാക്കുന്ന കോഡുകൾ എൻജിനിയർമാർക്ക് നിരീക്ഷിക്കാനും പരിശോധിക്കാനും മാറ്റാനുമാകും. തൃപ്തികരമാണെങ്കിൽ കോഡുകൾ പ്രവർത്തിപ്പിക്കാം. ആക്‌സിയയുടെ പുതിയ ആഗോള ആസ്ഥാനവും ഗവേഷണ - വികസന കേന്ദ്രവും മന്ത്രി ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ജിജിമോൻ ചന്ദ്രൻ,വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ആക്‌സിയ ടെക്നോളജീസിന്റെ നയതന്ത്ര ഉപദേഷ്ടാവ് സ്റ്റെഫാൻ ജുറാഷെക് ,ബി.എം.ഡബ്ല്യൂ ഗ്രൂപ്പ് പ്രതിനിധി ക്രിസ്റ്റിന ഹെയ്ൻ, ജർമൻ ഫെറേയ്, ടെക്നോപാർക് സി.ഇ.ഒ റിട്ട.കേണൽ സഞ്ജീവ് നായർ, സ്റ്റാർട്ടപ്പ്മിഷൻ സി.ഇ.ഒ അനൂപ് അംബിക, ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്സ് എം.ഡിയും സി.ഇ.ഒയുമായ അജയ് പ്രസാദ് എന്നിവർ പങ്കെടുത്തു.