വിഴിഞ്ഞം: ബുധനാഴ്ച വിഴിഞ്ഞത്ത് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ പൂന്തുറ ആലുകാട് മദർ തെരേസ നഗറിൽ ക്ലീറ്റസ് (52), വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ഫ്രെഡി (49) എന്നിവരെ ഇന്നലെയും കണ്ടെത്താനായില്ല. ഫിഷറീസ് വകുപ്പിന്റെ പ്രതീക്ഷ ബോട്ടും വാടകയ്ക്കെടുത്ത ചെറു വള്ളവും കോസ്റ്റൽ പൊലീസിന്റെ ബോട്ടുമാണ് തെരച്ചിലിനുള്ളത്. മത്സ്യത്തൊഴിലാളികളുടെ മൂന്നു വള്ളങ്ങളും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നും തെരച്ചിൽ തുടരും.
ഞെട്ടലിൽ പിതാവും മകനും
അപകടത്തിന്റെ ഞെട്ടലിൽ നിന്ന് മത്സ്യത്തൊഴിലാളികളായ രാജുവും മകൻ ലിജുവും ഇതുവരെ മുക്തരായിട്ടില്ല. ഇവരും മറ്റൊരു മത്സ്യത്തൊഴിലാളി കുമാറും രക്ഷപ്പെട്ടിരുന്നു. ആറുമണിക്കൂറോളം നീന്തിത്തളർന്നപ്പോൾ പ്രതീക്ഷ കൈവിട്ടെന്നും ഇരുൾ മൂടിയ കടലിൽ മിന്നായം പോലെ മുന്നിൽപ്പെട്ട വള്ളത്തിലേക്ക് ഉടുതുണി ഉയർത്തിക്കാണിച്ചത് രക്ഷയായെന്നും രാജു പറഞ്ഞു. ക്ളീറ്റസിന്റെ മകൻ ലീൻ കീറ്റസ് 2020 മേയ് 5ന് മത്സ്യബന്ധത്തിനിടെ മിന്നലേറ്റു മരിച്ചു. ഇതോടെ രണ്ടു പെൺമക്കളുൾപ്പെട്ട കുടുംബത്തിന് ക്ലീറ്റസാണ് ഏക അത്താണിയായത്.രക്ഷപ്പെട്ടെങ്കിലും തന്റെ കൈയിൽ നിന്ന് ഊർന്നുപോയ ക്ലീറ്റസ് മടങ്ങിവരുമെന്ന പ്രതിക്ഷയാണ് ലിജുവിന്. കൈയിലൂടെ ഊർന്നിറങ്ങിയപ്പോഴുള്ള നഖപ്പാടുകൾ ഇപ്പോഴും ലിജുവിന്റെ കൈയിലുണ്ട്.
ഫ്രെഡിയെ കാത്ത് സഹോദരങ്ങൾ എൽസിയും
കാണാതായ ഫ്രെഡിയുടെ മടങ്ങിവരവും കാത്തിരിക്കുകയാണ് സഹോദരങ്ങളായ എൽസി, ഏഞ്ചൽ മേരി,റോസ‌്മേരി, ക്ലീറ്റസ് എന്നിവർ. ഫ്രെഡിക്കൊപ്പം മത്സ്യബന്ധനത്തിന് പോയ മൈക്കേൽ,രാജു എന്നിവരെ വിഴിഞ്ഞത്തെ മറൈൻ ആംബുലൻസ് രക്ഷപ്പെടുത്തിയിരുന്നു.അവിവാഹിതനായ ഫ്രെഡിയുടെ വരുമാനത്തിൽ നിന്നുമായിരുന്നു എൽസിയുടെയും ജീവിതം മുന്നോട്ടുപോയിരുന്നത്.