ശംഖുംമുഖം:വിമാനങ്ങളിലെ ബോംബ് ഭീഷണി കുസൃതിയാണെങ്കിലും വെറുംവാക്കാണെങ്കിലും വിമാനത്താവളങ്ങൾക്കും വിമാനങ്ങൾക്കും ഇതുണ്ടാക്കുന്ന ബദ്ധപ്പാട് ചില്ലറയല്ല. ഇന്നലെ എയർഇന്ത്യയുടെ മുംബയ് - തിരുവനന്തപുരം വിമാനത്തിൽ ടിഷ്യുപേപ്പറിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. അതും വിമാനം പുറപ്പെട്ട് അരമണിക്കൂരിന് ശേഷം. പ്രത്യക്ഷത്തിൽ ബോംബ് ഭീഷണിനിരുപദ്രവമെന്ന് തോന്നുമെങ്കിലും വിമാനത്തിലെ സുരക്ഷാസംവിധാനങ്ങൾക്ക് അത് അവഗണിക്കാനാവില്ല. അന്താരാഷ്ട്ര എയർട്രാഫിക് പ്രോട്ടോക്കോളാണത്.

ഭീഷണിയുണ്ടായ വിമാനം എമർജൻസി ലാൻഡിംഗ് നടത്തുന്നതിന് വിമാനത്താവളത്തിൽ മുഴുവൻ എമർജൻസി പ്രഖ്യാപിക്കണം. ഈസമയം വിമാനങ്ങൾ റൺവേയിൽ കിടക്കുകയോ,​ ലാൻഡിംഗോ ചെയ്യില്ല. യാത്രക്കാരെയെല്ലാം സുരക്ഷിതസ്ഥലത്തേക്ക് മാറ്റണം. തുടർന്ന് ഭീഷണിയുള്ള വിമാനത്തിന് ഇറങ്ങാൻ അനുമതി നൽകും. വിമാനത്താവളം മുഴുവൻ സുരക്ഷാഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും. പരിശോധന തീരുന്നതുവരെ ആരെയും കടത്തിവിടില്ല. ബോംബ് നിർവീര്യമാക്കുന്ന സ്‌ക്വാഡുകൾ അതിജാഗ്രതിയിലായിരിക്കും.ഭീഷണിയുണ്ടായ വിമാനത്തിന് തുടർയാത്ര നടത്തണമെങ്കിൽ സുരക്ഷാക്ളിയറൻസ് വേണം. അതുവരെ വിമാനം സുരക്ഷാബേയിലായിരിക്കും. യാത്രക്കാരെ മുഴുവൻ ചോദ്യം ചെയ്യും. ലഗേജുകൾ പരിശോധിക്കും.

ഡൽഹിയിൽ നിന്ന് മുംബയിലെത്തി അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിമാനത്തിലാണ് ഭീഷണിയുണ്ടായത്. അതുകൊണ്ട് ഡൽഹിയിൽ നിന്നുള്ള യാത്രക്കാരുടെ വിവരങ്ങളും അവരുടെ സി.സി ടിവി ദൃശ്യങ്ങളും പരിശോധിക്കും. വളരെയേറെ മനുഷ്യരുടെ അദ്ധ്വാനവും സാമ്പത്തികചെലവും സമയവും ഇതുനുവേണം. ഇന്നലെ ഭീഷണി നേരിട്ട എയർഇന്ത്യ വിമാനം 8.10ന് എത്തി 8.45ന് തിരിച്ചുപോകേണ്ടതായിരുന്നു. പക്ഷേ, സുരക്ഷാക്ളിയറൻസ് കിട്ടിയത് വൈകിട്ട് 7നാണ്. അതോടെ 12മണിക്കൂർ വൈകി രാത്രി 9ന് വിമാനം തിരിച്ചുപോയി. അതിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന 150 യാത്രക്കാരിൽ 123പേർക്കാണ് യാത്ര ചെയ്യാനായത്. ബാക്കിയുള്ളവർ ടിക്കറ്റ് റദ്ദാക്കി.