തിരുവനന്തപുരം: ജയിൽ മേധാവി കർശനനിർദ്ദേശം നൽകിയിട്ടും തടവുകാരുടെ പുറം ജോലിയിലും, മറ്റ് ജോലികളിലും നിയന്ത്രണവും നിരീക്ഷണവും നടത്താതെ ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി നെടുങ്കണ്ടം സ്വദേശി മണികണ്ഠൻ ചാടിപ്പോയ സംഭവം വിരൽചൂണ്ടുന്നത് ഈ വീഴ്ചയാണ്. ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയവരെ പുറം ജോലിയിൽ നിയോഗിക്കരുതെന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ ജയിൽ മേധാവി നിർദ്ദേശം പുറത്തിറക്കിയിരുന്നു. ഇതുകൂടാതെ സെൻട്രൽ ജയിലുകളിൽ പുറംജോലി ചെയ്യുന്ന തടവുകാരുടെ സ്വഭാവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാനും ജയിൽ ഡി.ജി.പി ബൽറാംകുമാർ ഉപാദ്ധ്യായ ഉത്തരവിട്ടിരുന്നു.
എന്നാൽ പല ജയിലുകളിലും ഗുരുതര കുറ്റകൃത്യം ചെയ്തവരാണ് പുറംജോലി ചെയ്യുന്നത്.
പച്ചകറിക്കൃഷിയുള്ള ജയിലുകളിൽ വിളയിക്കുന്ന പച്ചക്കറികൾ ജയിലിന് പുറത്ത് വില്പന നടത്തുന്നതും തടവുകാരാണ്. ഇതിൽ ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാണ് ഏറെയും. ജയിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് തടവുകാർ ഇത് തരപ്പെടുത്തുന്നതെന്നും ആക്ഷേപമുണ്ട്.
ഇത്തരം തടവുകാരെ അധികൃതർ കാര്യമായി നിരീക്ഷിക്കാറില്ല. പല സമയങ്ങളിലും ഇവർക്ക് പൊതുജനങ്ങളുമായി അടുത്തിടപഴകാനും രക്ഷപ്പെടാനും അവസരം ലഭിക്കും. ബന്ധുക്കളോടും കുറ്റകൃത്യങ്ങളിലെ കൂട്ടാളികളോടും ആശയവിനിമയം നടത്താനും അവസരം ലഭിക്കുന്നുണ്ട്. ഇതുകൂടാതെ ചപ്പാത്തി യൂണിറ്റുകളിൽ ജോലി ചെയ്യുന്നവരെയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു.
പരോളിൽ ഇറങ്ങി മുങ്ങിയ പ്രതിയെ ജോലിക്ക് നിയോഗിച്ചിട്ടും കൃത്യമായി നിരീക്ഷിക്കാത്തതാണ് ഇയാൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത്.
റിപ്പോർട്ട് സമർപ്പിച്ചു
കൊലക്കേസ് പ്രതി പൂജപ്പുര ജയിൽ ചാടിയ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ജയിൽ ഉദ്യോഗസ്ഥർക്ക് നിരീക്ഷണത്തിൽ പാളിച്ച പറ്റിയെന്നാണ് ജയിൽ ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. റിപ്പോർട്ട് പഠിച്ച ശേഷം അന്വേഷണത്തിന് ഇന്നോ നാളെയോ ഡി.ജി.പി ഉത്തരവിട്ടേക്കും. പരാമർശമുള്ള ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടിയുണ്ടാകും. ജയിൽ ചാടിയപ്പോൾ ഡി.പി.ഒ, എ.പി.ഒ എന്നിവർക്കായിരുന്നു മേൽനോട്ടച്ചുമതല. ഇവർക്കെതിരെയും നടപടിയുണ്ടായേക്കും.പ്രതി രക്ഷപ്പെട്ടെന്ന് സംശയിക്കുന്ന തമിഴ്നാട്ടിലേക്കും ഇടുക്കിയിലേക്കും പൂജപ്പുര പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.