തിരുവനന്തപുരം: കാഫിർ വിവാദ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പൊലീസ് അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു. മാനവീയം വീഥിയിൽ നിന്നാരംഭിച്ച മാർച്ച് ആൽത്തറ ജംഗ്ഷനിൽ ബാരിക്കേഡ് നിരത്തി പൊലീസ് തടഞ്ഞു. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിക്കുന്നതിനിടെ തുടർച്ചയായി നാലുതവണ ജലപീരങ്കി പ്രയോഗിച്ചു.ഇതിനിടെ പ്രവർത്തകർ ബാരിക്കേഡുകളിലൊന്ന് തള്ളിയിട്ടതോടെ അഞ്ചാമതും ജലപീരങ്കി പ്രയോഗിച്ചു.തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് നേമം ഷജീർ,നേതാക്കളായ നീതു വിജയൻ,അജയ് കുര്യാത്തി,അഫ്സൽ ബാലരാമപുരം,അമി തിലക്,മൈക്കിൾ കുന്നുകുഴി,സജിത് മുട്ടപ്പാലം,റിഷി എസ്.കൃഷ്ണൻ,അനീഷ് ചെമ്പഴന്തി,മനോജ് മോഹൻ,കെ.എച്ച്.ഫെബിൻ,റിങ്കു പടിപ്പുരയിൽ,സുൽഫി ബാലരാമപുരം,ഷജിൻ രാജേന്ദ്രൻ,പൂവക്കാട് സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.