തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ആശുപത്രി സേവനങ്ങൾക്കുള്ള യൂസർ ഫീ കൂട്ടി യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കുറുക്കുവഴിയുമായി ആശുപത്രി വികസന കമ്മിറ്റി (എച്ച്.ഡി.സി)​. വിവിധ വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന സ്‌കാനിംഗ്,എക്സ്റേ മറ്റു ന്യൂതന ചികിത്സായന്ത്രങ്ങൾ എന്നിവയുടെ അറ്റുകുറ്റപണിയ്ക്ക് 3.5 കോടി രൂപയാണ് വേണ്ടത്. ഫണ്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞമാസം ചേർന്ന എച്ച്.ഡി.എസ് എക്‌സിക്യുട്ടീവ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഒറ്റയടിക്ക് എല്ലാ നിരക്കും വർദ്ധിപ്പിച്ചാൽ പ്രതിഷേധമുയരുമെന്നതിനാൽ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് നീക്കം. നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കിൽ പ്രിൻസിപ്പൽ ഓഫീസ് മുഖേന അറ്റകുറ്റപ്പണി നടത്തട്ടെയെന്നാണ് എച്ച്.ഡി.എസിന്റെ നിലപാട്. കമ്മിറ്റി തീരുമാനം എച്ച്.ഡി.എസ് ജനറൽ ബോഡിയിൽ അവതരിപ്പിച്ച് പാസാക്കണം. യന്ത്രങ്ങളുടെ സി.എ.എം.സി (കോംപ്രിഹൻസീവ് ആന്വൽ മെയിന്റനൻസ് കോൺട്രാക്ട്) ഇനത്തിൽ 3.5കോടി രൂപയാണ് വേണ്ടിവരുന്നത്. ഇത് ആശുപത്രി വികസന സമിതിക്ക് താങ്ങാനാകുന്നില്ല. അതിനനുസരിച്ചുള്ള വരുമാനം ലഭിക്കാത്തതാണ് നിരക്ക് വർദ്ധനയ്‌ക്ക് കാരണമായി സമിതി പറയുന്നത്.

 രോഗികൾക്ക് ഇരുട്ടടി
സാധാരണക്കാരന്റെ ആശ്രയമായ മെഡിക്കൽ കോളേജിൽ യൂസർ ഫീസ് കൂട്ടിയാൽ അത് രോഗികൾക്ക് ഇരുട്ടടിയാകും. മെഡിക്കൽ കോളേജിന്റെ പദ്ധതി വിഹിതത്തിൽ നിന്നോ മറ്റു ഫണ്ടുകളോ കണ്ടെത്തി യന്ത്രങ്ങളുടെ അറ്റകുറ്റപണി നടത്തുന്നതിന് പകരം ജനങ്ങളുടെ തലയിൽ അമിതഭാരം കെട്ടിവയ്‌ക്കാനുള്ള ശ്രമമാണെന്നാണ് ആക്ഷേപം. സി.എ.എം.സി കാലയളവിൽ മെഡിക്കൽ യന്ത്രഭാഗങ്ങൾക്ക് തകരാറുണ്ടായാൽ പൂർണമായും സൗജന്യമായി മാറ്റിനൽകും. സി.എ.എം.സി എടുക്കാതിരുന്നാൽ കേടാകുന്ന യന്ത്രങ്ങളുടെ അറ്റകുറ്റപണിക്ക് ആവശ്യമുള്ള എസ്റ്റിമേറ്റ് നൽകി കാത്തിരിക്കണം. അപ്പോഴേക്കും ചികിത്സകൾ മുടങ്ങും.

പ്രധാന ഫീസ് വർദ്ധന ഇവയ്‌ക്ക്

റേഡിയോ ഡയ്ഗ്നോസിസ്,ന്യൂറേളജി,നെഫ്രോളജി,യൂറോളജി,കാർഡിയോ വാസ്‌കുലർ തൊറാസിക് സർജറി,കാർഡിയോളജി,മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി

സി.എ.എം.സിക്ക് ആവശ്യമുള്ള തുക

(പ്രധാന വിഭാഗങ്ങൾക്ക്, തുക ലക്ഷത്തിൽ)

എം.ആർ.ഐ സ്കാൻ..............................................42

ന്യൂറോ സി.ടി.........................................................39.84

കാത്ത് യന്ത്രം.......................................................32.42

ഓട്ടോമാറ്റഡ് ബ്ലഡ് കൾച്ചറൽ സിസ്റ്റം............14.56

എക്കോ യന്ത്രം....................................................9.15