വിഴിഞ്ഞം: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ കൃഷിഭവന്റെ സഹകരണത്തോടെ മുട്ടക്കാട് ശ്രീ കുന്നിയോട് കണ്ഠൻശാസ്താ ക്ഷേത്രത്തിലെ ശ്രീശാസ്താപുരയിടത്തിൽ ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്ത ചെണ്ടുമല്ലികൾ (ജമന്തി പൂവ് ) പൂവിട്ടു. പതിനായിരത്തോളം ചെണ്ടുമല്ലി ചെടികളാണ് പൂവിട്ടത്. ഓണമെത്താൻ മൂന്നാഴ്‌ചയോളം ഉള്ളതിനാൽ പൂക്കൾ ക്ഷേത്രാവശ്യങ്ങൾക്കായി വിൽക്കാനാണ് ക്ഷേത്ര ഭാരവാഹികളുടെ തീരുമാനം. ആവശ്യക്കാർക്ക് മിതമായ നിരക്കിൽ പൂവ് നൽകുമെന്ന് ഭാരവാഹികളായ കോളിയൂർ വിജയൻ നായരും മോഹനനും പറഞ്ഞു. തൊഴിലുറപ്പ് പ്രവർത്തകരാണ് കൃഷിക്ക് നിലമൊരുക്കിയത്. തൈനട്ട് പരിപാലിച്ചത് ക്ഷേത്രഭാരവാഹികളും. കൃഷിക്ക് ആവശ്യമായ വളം വെങ്ങാനൂർ കൃഷിഭവൻ കൃഷി ഓഫീസർ ശ്രീജയുടെ നേതൃത്വത്തിൽ നൽകി. ഇത്തവണ ആദ്യമായാണ് വെങ്ങാനൂർ കൃഷിഭവന്റെ നേതൃത്വത്തിൽ പുഷ്പകൃഷി നടത്തിയത്. ഹൈബ്രിഡ് ഇനത്തിലുള്ള തൈകൾ ആയതിനാൽ പൂക്കൾക്ക് നല്ല വലിപ്പമാണ്. ഓറഞ്ച് , മഞ്ഞ നിറങ്ങളിലുള്ള പൂക്കളാണിത്.
ചെണ്ടുമല്ലി പൂത്തതോടെ നൂറുകണക്കിന് വിവിധ വർണങ്ങളിലുള്ള ചിത്രശലഭങ്ങൾ ദിവസേന ഇവിടെയെത്തുന്നുണ്ട്. പൂക്കളുടെ സൗന്ദര്യമാസ്വദിക്കാൻ സ്‌കൂൾ കുട്ടികളടക്കം എത്തുകയാണ്.
ഫോട്ടോ: മുട്ടയ്ക്കാട് ശ്രീകുന്നിയോട് കണ്ഠൻ ശാസ്താക്ഷേത്ര പുരയിടത്തിൽ ചെണ്ടുമല്ലികൾ പൂവിട്ടപ്പോൾ