തിരുവനന്തപുരം: വെൺപാലവട്ടം സർവീസ് റോഡിൽ പൊലീസിന്റെ ഗതാഗത നിയന്ത്രണം വേൾഡ് മാർക്കറ്റിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നതായി പരാതി. ഫ്ളൈഓവറിന് താഴെയുള്ള സർവീസ് റോഡ് ഇടയ്ക്കിടയ്ക്ക് വൺവേയാക്കി ഗതാഗതം നിയന്ത്രിക്കുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.മാർക്കറ്റിനുള്ളിലേക്ക് വരുന്നതിനും പോകുന്നതിനും തടസം സൃഷ്ടിച്ചാണ് ഗതാഗത നിയന്ത്റണം ഏർപ്പെടുത്തുന്നതെന്ന് മാർക്കറ്റ് ഷോപ്പ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പരാതിപ്പെടുന്നു.

ബൈപ്പാസിന്റെ ഇരുവശത്തുമുള്ള സർവീസ് റോഡുകളിൽ രണ്ട് വശത്തേക്കും ഗതാഗതം അനുവദിച്ചയിടത്താണ് ഇടയ്ക്ക് വൺവേയാക്കി തടസമുണ്ടാക്കുന്നത്. ഇതുമൂലം ആനയറ, കരിക്കകം, ചാക്ക എന്നിവിടങ്ങളിലുള്ളവർക്ക് വേൾഡ് മാർക്കറ്റിലെത്താനും തിരികെ പോകാനും ആക്കുളം, വെൺപാലവട്ടം അടിപ്പാത ചുറ്റിക്കറങ്ങേണ്ടിവരുന്നു. മാർക്കറ്റിലെത്തി തിരികെ പോകേണ്ടവർ ആക്കുളം അടിപ്പാതയിലൂടെ ചുറ്റിക്കറങ്ങി ഫ്ളൈഓവറിന് സമീപമെത്തണം. മാർക്കറ്റിൽ നിന്ന് 100 മീറ്റർ പോലുമില്ലാത്ത ദൂരം പിന്നിടുന്നതിനാണ് കിലോമീറ്ററോളം ദൂരം ചുറ്റിക്കറങ്ങേണ്ടി വരുന്നതെന്ന് വ്യാപാരികൾ പറയുന്നു.കച്ചവടക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ സമിതി കെട്ടിടത്തോട് ചേർന്ന് പുതിയ റോഡ് നിർമ്മിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.