വർക്കല: പാപനാശം നോർത്ത് ക്ലിഫിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് റിസോർട്ടുകൾ വർക്കല നഗരസഭ അടച്ചുപൂട്ടി. തിരുവമ്പാടി ബീച്ചിലെ ബ്ലാക്ക് ബീച്ച് റിസോർട്ട്, ജയറാം കഫെ എന്നിവയാണ് വ്യാഴാഴ്‌ച വൈകിട്ട് നഗരസഭാ ആരോഗ്യവിഭാഗം അടപ്പിച്ചത്. റിസോർട്ടുകൾ പൂട്ടുന്നത് തടയാൻ ജീവനക്കാർ ശ്രമിച്ചത് വാക്കുതർക്കത്തിനിടയാക്കി. തുടർന്ന് പൊലീസ് സംരക്ഷണയിലാണ് നടപടികൾ പൂർത്തിയാക്കിയത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പൂട്ടാൻ നഗരസഭാ സെക്രട്ടറി നേരത്തെ ഉത്തരവിട്ടിരുന്നു.

കോസ്റ്റൽ റെഗുലേഷൻ സോൺ രണ്ടിൽ ഉൾപ്പെടുന്ന പ്രദേശമായതിനാൽ താത്‌കാലിക ലൈസൻസ് മാത്രമാണ് സ്ഥാപനങ്ങൾക്ക് നഗരസഭ നൽകിയിട്ടുള്ളത്. പൂട്ടിയ സ്ഥാപനങ്ങൾ 20 വർഷത്തോളമായി ഇത്തരത്തിൽ പ്രവർത്തിക്കുകയായിരുന്നു. സ്ഥാപനങ്ങൾ ആയിരക്കണക്കിന് ആളുകളുടെ ജീവനോപാധിയാണെന്നും അതിനാൽ താത്‌കാലിക ലൈസൻസ് നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വിനോദസഞ്ചാര മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ മുഴുവൻ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് വർക്കല ടൂറിസം ഡെവലപ്മെന്റ് അസോസിയേഷൻ ഇന്നലെ നഗരസഭയിലേക്ക് മാർച്ച് നടത്തി. സ്ഥാപന ഉടമകളും ജീവനക്കാരും ഹെലിപ്പാട് ഭാഗത്ത്‌ മണിക്കൂറുകളോളം നിലയുറപ്പിച്ചതും ആശങ്കയ്‌ക്കിടയാക്കി.

 സഞ്ചാരികൾക്ക് 'ഇരുട്ടടി''

റിസോർട്ടുകൾ പൂട്ടിയതിൽ പ്രതിഷേധിച്ച് പ്രദേശത്തെ മുഴുവൻ സ്ഥാപനങ്ങളും അടച്ചതോടെ പാപനാശം മേഖലയാകെ ഇരുട്ടിലായി. ഈ സ്ഥാപനങ്ങളുടെ വെളിച്ചമാണ് മേഖലയിൽ പ്രധാനമായുള്ളത്. കടകൾ അടച്ചതോടെ ഇവിടേക്കെത്തിയ നൂറുകണക്കിന് സഞ്ചാരികൾ ഇരുട്ടത്തിരിക്കേണ്ടിവന്നു. ചെറുതും വലുതുമായി നാനൂറിലധികം സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മിക്ക സ്ഥാപനങ്ങളും ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും നിയമലംഘനങ്ങൾ കാരണം നഗരസഭ ലൈസൻസ് നൽകിയിട്ടില്ല. കടൽത്തീരത്തും നടപ്പാതയിലും അനധികൃത നിർമ്മാണം നടത്തിയാണ് റിസോർട്ടുകൾ പ്രവർത്തിച്ചിരുന്നത്.

അനധികൃത റിസോർട്ടുകൾക്കെതിരെ ശക്തമായ നടപടി തുടരും

- കെ.എം.ലാജി

നഗരസഭ ചെയർമാൻ