തിരുവനന്തപുരം: മാതാപിതാക്കളും സഹോദരിയുമടക്കം കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റം നിഷേധിച്ച് പ്രതി കേഡൽ ജിൻസൺ രാജ. മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന പ്രതി വിചാരണ നേരിടാനുള്ള മാനസികനില കൈവരിച്ചെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് കോടതി പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചതും പ്രതി കുറ്റം നിഷേധിച്ചതും. ആറാം അഡിഷണൽ ജില്ലാസെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. വിചാരണ നവംബർ 13ന് ആരംഭിക്കും.


നന്ദൻകോട് ക്ലിഫ് ഹൗസിന് സമീപം ബെയിൽസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പദ്മ, ഭർത്താവ് റിട്ട. പ്രൊഫ. രാജ തങ്കം, മകൾ കരോലിൻ, ഡോക്ടറുടെ ബന്ധു ലളിത എന്നിവരെ കേഡൽ ജിൻസൺ രാജ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. ഡോക്ടറുടെയും ഭർത്താവിന്റെയും മകളുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ വീടിന്റെ മുകളിലുള്ള നിലയിലെ ടോയ്‌ലെറ്റിലുമാണ് കണ്ടെത്തിയത്. അടുത്തുളള കിടപ്പുമുറിയിൽ പോളിത്തീൻ കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ നിലയിൽ ബന്ധു ലളിതയുടെ മൃതദേഹവും കണ്ടെത്തി. ആത്മാവിനെ സ്വതന്ത്ര സഞ്ചാരത്തിന് വിടാനുളള ആസ്ട്രൽ പ്രൊജക്ഷൻ എന്ന പൈശാചിക രീതി പരീക്ഷിച്ച് നോക്കിയതാണെന്ന് കേഡൽ പൊലീസിനോട് സമ്മതിച്ചിരുന്നു.