വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചാരുപാറ മേഖലയിൽ വർദ്ധിച്ചുവരുന്ന മാലിന്യനിക്ഷേപത്തിന് അടിയന്തരപരിഹാരം കാണുമെന്ന് വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ആനന്ദും,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ജെ.സുരേഷും അറിയിച്ചു.
ചാരുപാറ ചായം റോഡിൽ ചേന്നാൻപാറ, ചായം വാർഡുകളുടെ പരിധിയിൽപ്പെടുന്ന ചാരുപാറ, പേരയത്തുപാറ മേഖലകളിൽ വൻതോതിലുള്ള മാലിന്യ നിക്ഷേപത്തെ ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
ഇതിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ച് പ്രദേശത്ത് നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചു. സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കും. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശനനടപടികൾ സ്വീകരിക്കും. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പഞ്ചായത്തിൽ വിവരം അറിയിക്കണം. ഇതിനായി പൊലീസിന്റെ സഹായവും തേടും.
ആരോഗ്യവകുപ്പ് പരിശോധന നടത്തി
ചാരുപാറ മേഖലയിൽ ഇന്നലെ ആരോഗ്യവകുപ്പ് മാലിന്യത്തിൽ നിന്നുമുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി. വിതുര ഹെൽത്ത് ഇൻസ്പെക്ടറും സംഘവുമാണ് പരിശോധന നടത്തിയത്.
പ്രധാന റോഡ്-ചായം ചാരുപാറ റോഡ്
വർഷങ്ങളായി ചാരുപാറയിൽ വൻതോതിൽ മാലിന്യം നിക്ഷേപിച്ചുവരികയാണ്.
ആര്യനാട്, പാലോട്, നന്ദിയോട്, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകുന്നതിനായി ആയിരങ്ങൾ ആശ്രയിക്കുന്ന പ്രധാന റോഡാണ് ചായം ചാരുപാററോഡ്.
നിറയെ മാലിന്യം
ഇറച്ചി വില്പനശാലകളിൽ നിന്നുള്ള വേസ്റ്റുകൾ ചാക്കിൽ നിറച്ച് വാഹനങ്ങളിൽ രാത്രികാലങ്ങളിൽ ഇവിടെ നിക്ഷപിക്കുക പതിവാണ്. വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ വേറെയും. ഇറച്ചിവേസ്റ്റുകൾ കാക്കകളും മറ്റും കൊത്തിവലിച്ച് സമീപവീടുകളിലും കിണറുകളിലും കൊണ്ടിടുന്നുണ്ട്.
ദുർഗന്ധം സഹിക്കാനാവാതെ
ചാരുപാറയിൽ പ്രവർത്തിക്കുന്ന വിതുര എം.ജി.എം സ്കൂളിന് മുന്നിലും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. മാലിന്യം കെട്ടിക്കിടന്ന് അസഹ്യമായ ദുർഗന്ധം വമിക്കുന്നതുമൂലം വിദ്യാർത്ഥികളും ജീവനക്കാരും ബുദ്ധിമുട്ടിലാണ്. മാലിന്യനിക്ഷേപത്തിന് തടയിടണമെന്നാവശ്യപ്പെട്ട് സ്കൂൾ മേധാവികൾ അനവധിതവണ വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ പരാതി നൽകിയിരുന്നു.
തെരുവുനായ ശല്യവും
മാലിന്യം കഴിക്കാനെത്തുന്ന തെരുവുനായ്ക്കൾ വഴിപോക്കരെയും സ്കൂളിലും കയറി ആക്രമണം നടത്തുന്നുണ്ട്. പന്നി ശല്യവുമുണ്ട്. പന്നിയുടേയും,പട്ടിയുടേയും ശല്യത്തിൽ രാത്രിയിൽ വഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതുസംബന്ധിച്ച് ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റിയും, പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷനും പരാതി നൽകിയിരുന്നു.