teacher

തിരുവനന്തപുരം: മൂന്ന് മാസം മുൻപിറങ്ങിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിനാൽ ഇൻക്രിമെന്റ് ലഭിക്കാതെ ഹയർ സെക്കൻ‌ഡറി അദ്ധ്യാപകരും ലാബ് അസിസ്റ്റന്റുമാരും .ഇൻക്രിമെന്റ് അനുവദിക്കാനുള്ള അധികാരം പ്രിൻസിപ്പൽമാർക്ക് നൽകിയ ഉത്തരവിന്മേൽ ശമ്പള സോഫ്ട് വെയറായ സ്‌പാർക്കിൽ മാറ്റംവരുത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.

റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് നടപടിക്രമങ്ങളിലെ നൂലാമാലകൾ കാരണം നിവേദനങ്ങളുടേയും വാർത്തകളുടേയും അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽമാർക്ക് മുൻപുണ്ടായിരുന്ന അധികാരം തിരികെ നൽകി മേയ് അഞ്ചിന് ഉത്തരവിറക്കിയത്. എന്നാലിപ്പോഴും അദ്ധ്യാപകർ ആർ.ഡി ഓഫീസ് കയറിയിറങ്ങേണ്ട ഗതികേടിലാണ്.

രണ്ട് ജില്ലകൾക്ക് ഒന്നെന്ന കണക്കിൽ ഏഴ് റീജിയണൽ ഡയറക്ടറേറ്റുകളാണുള്ളത്. ഓരോ സ്കൂളിലും എല്ലാ മാസവും ഒന്നിലേറെ പേർക്ക് ഇൻക്രിമെന്റ് ഉണ്ടാവും. അവ അംഗീകരിപ്പിക്കുന്നതിനായി അകലെയുള്ള സ്കൂളുകളിൽ നിന്നുൾപ്പെടെ അദ്ധ്യാപകർ ആർ.ഡി. ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നു. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ പൊതു വിദ്യാഭ്യാസവകുപ്പ് മേഖലാതലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുന്നതിനിടെയാണ് സർക്കാർ ഉത്തരവ് വൈകിക്കുന്നത്.

' സ്പാർക്കിലൂടെ ഇൻക്രിമെന്റ് പാസാക്കാനുള്ള നടപടി സ്വീകരിക്കണം.'

എസ്.മനോജ് .

-ജനറൽ സെക്രട്ടറി,

എ.എച്ച്.എസ്.ടി.എ)

അദ്ധ്യാപകർ ഇൻക്രിമെന്റില്ലാതെ വലയുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി അടിയന്തരമായി

ഇടപെടണം.

-കെ.കെ. ശ്രീജേഷ്

ജനറൽ സെക്രട്ടറി

കെ.എ.എച്ച്.എസ്.ടി.എ