സാധനങ്ങൾ വാങ്ങുന്നതിനും മറ്റു സേവനങ്ങൾക്കും ഭൂരിപക്ഷം ജനങ്ങളും ഓൺലൈനിലേക്ക് മാറിയപ്പോൾ തട്ടിപ്പുകാരും അത് അരങ്ങാക്കി മാറ്റിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ആളുകൾ പറ്റിക്കപ്പെടുന്ന വേദിയായി ഓൺലൈൻ രംഗം മാറിയിരിക്കുന്നു. കേരള ഭാഗ്യക്കുറിയുടെ ഓൺലൈൻ പങ്കാളികൾ എന്ന പേരിൽ തട്ടിപ്പ് നടത്തിയവരെക്കുറിച്ച് ഞങ്ങൾ വാർത്ത നൽകിയതിനെത്തുടർന്ന് പൊലീസ് അടിയന്തര ഇടപെടലാണ് നടത്തിയത്. സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി വിൽക്കുന്ന ആപ്പുകൾ പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യാൻ ഗൂഗിളിനും മെറ്റയ്ക്കും പൊലീസ് നോട്ടീസ് നൽകിയതിന്റെ അടുത്ത ദിവസം മുതൽ തന്നെ ഇത് നീക്കം ചെയ്തുതുടങ്ങി. അടുത്തിടെ പുറത്തിറങ്ങിയ ഓണം ബമ്പർ ടിക്കറ്റിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. ഓൺലൈൻ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളും 25 വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലും 20 വെബ്‌സൈറ്റുകളുമാണ് പൊലീസിന്റെ പരിശോധയിൽ കണ്ടെത്തിയത്.
ഇത്തരം ആപ്പിലൂടെ ബമ്പർ ലോട്ടറി വിൽപ്പന നടത്തിയാണ് തട്ടിപ്പുകാർ പണം വസൂലാക്കിയത്. കേരളം ഓൺലൈൻ ലോട്ടറി ആരംഭിച്ചെന്നും, 40 രൂപ മുടക്കിയാൽ 12 കോടി വരെ നേടാമെന്നും ഇവർ സന്ദേശം നൽകും. സന്ദേശത്തിലെ നമ്പറിലേക്ക് 40 രൂപ ഗൂഗിൽ പേ ചെയ്‌താൽ വാട്ട്‌സ് ആപ്പിൽ വ്യാജ ലോട്ടറി ടിക്കറ്റ് ലഭിക്കും. നറുക്കെടുപ്പിനു ശേഷം കൃത്രിമമായി നിർമ്മിച്ച ഫലം തട്ടിപ്പുകാർ വാട്ട്‌സ് ആപ്പിൽ അയയ്ക്കും. കൈവശമുള്ള ടിക്കറ്റിന് മികച്ച സമ്മാനം ലഭിച്ചതായി അതിലുണ്ടാകും. വിശ്വസിപ്പിക്കാൻ സർക്കാർ പ്രതിനിധിയെന്നു പരിചയപ്പെടുത്തി ഒരാൾ വിളിക്കും. സമ്മാനത്തുക ലഭിക്കാൻ ജി.എസ്.ടി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയ്ക്കായി പണം ആവശ്യപ്പെടും. പണം അയച്ചുകൊടുക്കുന്നവരുടെ കാശ് പോകും. കേരള ഭാഗ്യക്കുറി ടിക്കറ്റ് അടിക്കുന്നവർ പണം ലഭിക്കാൻ ഒരു പൈസ പോലും മുൻകൂറായി സർക്കാരിലേക്ക് അടയ്ക്കേണ്ടതില്ല. ഈ പ്രാഥമിക വിവരം പോലും അറിയാത്തവരെയാണ് ഇവർ പറ്റിക്കുന്നത്.
ഓൺലൈൻ ലോട്ടറി തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത് മലയാളികളാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. വിദേശ രാജ്യങ്ങളിലിരുന്നാണ് തട്ടിപ്പ് നടത്തുന്നത് എന്നതിനാൽ ഇവരെ പിടിക്കുക അത്ര എളുപ്പമല്ല. ആപ്ളിക്കേഷനുകളും സോഷ്യൽ മീഡിയ പേജുകളും ആരംഭിക്കാൻ ഇവർ നൽകിയ കെ.വൈ.സി വിവരങ്ങൾ ഗൂഗിളും മെറ്റയും ഉടൻ സൈബർ പൊലീസിന് കൈമാറേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തിലൂടെയേ പൊലീസിന് തട്ടിപ്പുകാരിലേക്ക് എത്താനാകൂ. കേരള സർക്കാരുമായി ബന്ധപ്പെട്ട വിൽപ്പനയും സേവനവുമായി ആപ്പുകൾ തുടങ്ങുന്നതിന് ചില നിയന്ത്രണങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഏർപ്പെടുത്തേണ്ടതാണ്. ഇക്കാര്യത്തിൽ നടപടികളുണ്ടാകേണ്ടത് ഗൂഗിളിന്റെയും മെറ്റയുടെയും മറ്റും ഭാഗത്തുനിന്നാണ്.
ഉത്തരവാദപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ ഇത്തരം ആപ്പുകൾ പ്ളേസ്റ്റോറിൽ പ്രത്യക്ഷപ്പെടാൻ ഇടയാക്കാതിരുന്നാൽ ഒരു വലിയ പരിധി വരെ ഇത്തരം തട്ടിപ്പുകൾ തടയാനാകും. പൊതുജനങ്ങൾ ജാഗ്രത പുലർത്തിയാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവും. ഇതിനു വേണ്ടുന്ന ബോധവത്‌കരണം ഭാഗ്യക്കുറി വകുപ്പും നടത്തേണ്ടതാണ്. ചൂണ്ടയിട്ട് മീൻ പിടിക്കുന്നതു പോലുള്ള തന്ത്രമാണ് ഓൺലൈൻ തട്ടിപ്പുകാരുടേത്. സമ്മാനം കിട്ടിയതായുള്ള അവരുടെ സന്ദേശമെന്ന ഇരയിൽ കൊത്തുന്നവരാണ് കബളിപ്പിക്കപ്പെടുന്നത്. ആദ്യം ചെറിയ സമ്മാനത്തുക അയച്ച് വിശ്വാസമാർജ്ജിച്ച ശേഷം അക്കൗണ്ടിലെ തുക മൊത്തം അടിച്ചുകൊണ്ടു പോകുന്നവരുമുണ്ട്. സാമ്പത്തിക പ്രലോഭനങ്ങളിൽ കുടുങ്ങാതിരിക്കാനുള്ള ജാഗ്രതയാണ് പൊതുജനങ്ങൾ പ്രധാനമായും പുലർത്തേണ്ടത്.