വർഷത്തിൽ എല്ലാ ദിവസവും ഇരുപത്തിനാലു മണിക്കൂറും കുടിവെള്ളം ലഭിക്കുന്ന നഗരമെന്ന പ്രശസ്തി തിരുവനന്തപുരത്തിനുണ്ടായിരുന്നു. നഗരം വളർന്നതിനൊപ്പം കുടിവെള്ളത്തിന്റെ ആവശ്യവും വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ ആവശ്യം നേരിടാൻ വേണ്ടുന്ന വികസന പദ്ധതികൾ ഏറ്റെടുക്കാനാവുന്നില്ലെന്നതാണ് ജലവിഭവ വകുപ്പു നേരിടുന്ന പരാധീനത. വകുപ്പിന്റെ തലപ്പത്ത് നടമാടുന്ന ഏകോപനമില്ലായ്മയും നിർമ്മാണ നിർവഹണത്തിലെ നിലവാരക്കുറവുമൊക്കെ ഈ രംഗത്തെ ന്യൂനതകളാണ്. ഇതിനെല്ലാം പുറമെയാണ് അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകൾ. പത്രങ്ങൾ തുറന്നാൽ, കുടിവെള്ളം മുടങ്ങുന്ന സ്ഥലങ്ങളുടെ നീണ്ട പട്ടിക എന്നും താണാം. പൈപ്പ് പൊട്ടുന്ന സ്ഥിരം കേന്ദ്രങ്ങളുണ്ട്. വർഷങ്ങളായി ഇത് ആവർത്തിച്ചിട്ടും പരിഹരിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ഒരുപിടി കരാറുകാർ മാത്രമാണ് ഇതിലൂടെ വരുമാനം നേടുന്നത്.
തുടർച്ചയായി ജലവിതരണം മുടങ്ങുന്ന ഒട്ടേറെ പ്രദേശങ്ങൾ തലസ്ഥാന നഗരത്തിലുണ്ട്. മുന്നറിയിപ്പുണ്ടെങ്കിൽ രണ്ടും മൂന്നും ദിവസത്തേക്കുള്ള വെള്ളം ശേഖരിച്ചുവയ്ക്കാനാകും. നിർഭാഗ്യവശാൽ, പൊടുന്നനെ ഉണ്ടാകുന്ന പൈപ്പ് പൊട്ടലുകൾ കാര്യങ്ങളാകെ തകരാറിലാക്കും. തുള്ളി വെള്ളംപോലും കിട്ടാതെ നഗരവാസികൾ പരക്കം പായുന്നത് പതിവായിരിക്കുന്നു. പൊട്ടിയ പൈപ്പ് നന്നാക്കാനായി കുഴിക്കുന്ന റോഡുകൾ ദിവസങ്ങളോ മാസങ്ങളോ അങ്ങനെ കിടക്കും. ഏതു റോഡ് കുത്തിപ്പൊളിക്കുന്നതിനും, പിന്നീട് അവ പൂർവസ്ഥിതിയിലാക്കുന്നതിന് നിശ്ചിത തുക വാട്ടർ അതോറിട്ടിയിൽ കെട്ടിവയ്ക്കേണ്ടതുണ്ട്. തുക അടച്ചാലും തകർന്ന റോഡുകൾ അങ്ങനെതന്നെ കിടക്കും. പേരിനുവേണ്ടി നന്നാക്കിയാലും ദിവസങ്ങൾക്കകം കുണ്ടും കുഴിയുമാകും. പി.എച്ച്.ഇ.ഡി വകുപ്പിനു കീഴിലായിരുന്ന ജലവിതരണച്ചുമതല വാട്ടർ അതോറിട്ടി ഏറ്റെടുത്ത കാലം മുതലാണ് നഗരവാസികളുടെ ദൗർഭാഗ്യവും ആരംഭിക്കുന്നത്.
പലപ്പോഴും വെള്ളം മുടങ്ങുക മാത്രമല്ല, ഉപയോഗിക്കുന്ന വെള്ളത്തിന് പൊന്നുംവില നൽകേണ്ടിയും വരുന്നു. അതോറിട്ടി വരുന്നതിനു മുൻപ് കുടിവെള്ളത്തിന് തുച്ഛ വില നൽകിയാൽ മതിയായിരുന്നു. അതോറിട്ടി എന്ന വെള്ളാനയെ പോറ്റാൻ വൻ വിലയാണ് ഇപ്പോൾ നൽകേണ്ടിവരുന്നത്. ഭൂമിക്കടിയിലൂടെ പോകുന്ന വാട്ടർ പൈപ്പുകൾ പല കാരണങ്ങളാൽ പൊട്ടാറുണ്ട്. എന്നാൽ കാലമിത്ര കഴിഞ്ഞിട്ടും പഴയ പൈപ്പുകൾ ഘട്ടം ഘട്ടമായെങ്കിലും മാറ്റിസ്ഥാപിച്ച് ശുദ്ധജലവിതരണം മുടങ്ങാതിരിക്കാൻ നടപടിയെടുക്കാത്തത് എന്താണ്? എവിടെയെങ്കിലും ചോർച്ചയുണ്ടായാൽ കൃത്യമായി കണ്ടുപിടിക്കാൻ പഴയ കരാറുകാരെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. വാട്ടർ അതോറിട്ടിയുടെ പക്കൽ ഇതിനാവശ്യമായ രേഖകളും മറ്റും കാണുകയില്ല. നിരന്തരമുണ്ടാകുന്ന പൈപ്പ് പൊട്ടലുകൾക്കു പിന്നിൽ ഗൂഢസംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നതായി ആക്ഷേപം ഉയരാറുണ്ട്.
നഗരം നൂറു വാർഡുകളായി വികസിച്ചെങ്കിലും കൂട്ടിച്ചേർത്ത വാർഡുകളിൽ പലേടത്തും നഗരത്തിൽ നിന്നുള്ള കുടിവെള്ളം എത്തിയിട്ടില്ല. പേപ്പാറയുടെ കനിവിലാണ് നഗരത്തിൽ ഇപ്പോഴത്തെ തോതിലെങ്കിലും കുടിനീർ കിട്ടുന്നത്. ജലവിതരണ ശേഷി വർദ്ധിപ്പിക്കാനും പുതിയ സ്രോതസുകൾ കണ്ടെത്തി വിപുലീകരിക്കാനുമുള്ള പദ്ധതികൾ എങ്ങുമെത്താതെ നീണ്ടുപോവുകയാണ്. പതിറ്റാണ്ടുകൾക്കു മുമ്പേ ആലോചന തുടങ്ങിയ നെയ്യാർഡാം ശുദ്ധജല വിതരണ പദ്ധതി ഇനിയും പ്രയോഗതലത്തിൽ എത്തിയിട്ടില്ല. വെള്ളായണിയിലും ശുദ്ധജല തടാകമുണ്ടെങ്കിലും പ്രയോജനപ്പെടുത്താൻ മടിയാണ്. കേന്ദ്രം കൈയയച്ച് സഹായിക്കാൻ തയ്യാറായ ജലജീവൻ പദ്ധതി പോലും വേണ്ടവണ്ണം നടപ്പാക്കാൻ കഴിയുന്നില്ല. പ്രവർത്തനം മെച്ചപ്പെടുത്താനും ശുദ്ധജലം മുടങ്ങാതെ വിതരണം ചെയ്യാനുമാണ് വാട്ടർ അതോറിട്ടി സ്ഥാപിതമായത്. മറ്റു പല പൊതു സ്ഥാപനങ്ങളെയും പോലെ പുതിയ സംവിധാനവും ജനങ്ങൾക്കു ഭാരമാവുകയാണ്.