തിരുവനന്തപുരം: വനവത്കരണം, മരങ്ങൾ മുറിച്ചുമാറ്റൽ, സോളാർവേലി സ്ഥാപിക്കൽ തുടങ്ങിയ പണികളടക്കം ഏറ്റെടുത്തു നടത്തുന്ന കരാറുകാർക്ക് വനംവകുപ്പ് നൽകാനുള്ളത് 50- 100 കോടി രൂപവരെ കുടിശിക. രണ്ടുമൂന്നു വർഷത്തെ തുകയാണിത്. ഇതുകാരണം കരാറുകാരും അവരുടെ തൊഴിലാളികളും പട്ടിണിയിലാണ്. പണം കിട്ടാത്തതിനാൽ തൊഴിലാളികൾ പലരും ഇപ്പോൾ ജോലിക്കെത്തുന്നില്ല.
വനത്തിൽ നിന്ന് മുറിച്ചുമാറ്റിയവയ്ക്ക് പകരം വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും വനസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നവരും പണം ലഭിക്കാത്തതിനാൽ ദുരിതത്തിലാണ്. വനത്തിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ മരങ്ങൾ മുറിച്ചുമാറ്റി വിൽക്കുന്നതിലൂടെ കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുമ്പോഴാണ് കരാറുകാരുടെ ബില്ലുകൾ മാറി നൽകുന്നതിൽ അമാന്തം കാട്ടുന്നതെന്നാണ് ആക്ഷേപം.
അതേസമയം, കേന്ദ്ര സർക്കാരിൽ നിന്നുള്ള പദ്ധതി വിഹിതവും ബഡ്ജറ്റ് അലോക്കേഷനും ലഭിക്കാത്തതാണ് കാരണമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണ്. വനവത്കരണം, റീപ്ലാന്റേഷൻ, സോളാർവേലി സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികളിൽ 60-40% കേന്ദ്ര- സംസ്ഥാന അനുപാതത്തിലാണ് പണം അനുവദിക്കുന്നത്. എലിഫന്റ് റിസർവ്, ടൈഗർ റിസർവ് എന്നിങ്ങനെ തരംതിരിച്ച് പണം അനുവദിച്ചിരുന്നത് ഇപ്പോൾ ഒറ്റപദ്ധതി എന്ന നിലയിലാണ് കേന്ദ്ര വിഹിതം നൽകുന്നത്. കേന്ദ്ര വിഹിതം കൂട്ടിയില്ലെന്ന് മാത്രമല്ല, നിലവിലുള്ളത് കുറച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
വനം ഡിവിഷനുകൾ
35
അംഗീകൃത കരാറുകാർ
100
തൊഴിലാളികൾ
5000ത്തിലേറെ
ബില്ലുകൾ മാറുന്നതിനായി ഓഫീസുകൾ കയറിയിറങ്ങി മടുത്തിരിക്കുകയാണ് കരാറുകാർ. സർക്കാർ അനുകൂല നടപടിയെടുത്തില്ലെങ്കിൽ യോജിച്ച പ്രക്ഷോഭം തുടങ്ങും
-വി.ചന്ദ്രൻ, സംസ്ഥാന പ്രസിഡന്റ്,
കേരള ഫോറസ്റ്റ് കോൺട്രാക്ടേഴ്സ് അസോ.