ശംഖുംമുഖം: വാഷ്റൂമിലെ ടിഷ്യൂ പേപ്പറിൽ കണ്ട ബോംബ് ഭീഷണിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത യാത്രക്കാരനെ പൊലീസ് വിട്ടയച്ചു. തമിഴ്നാട് തേങ്ങാപട്ടണം സ്വദേശിയായ രാജരത്നത്തെയാണ് വലിയതുറ പൊലീസ് വ്യാഴാഴ്ച രാത്രി വിട്ടയച്ചത്. എന്നാൽ, ടിഷ്യുപേപ്പറിലെ സന്ദേശവുമായി ഇയാൾക്ക് ബന്ധമൊന്നുമില്ലെന്നും ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാലാണ് കസ്റ്റഡിയിൽ വച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ബന്ധുക്കളും അറിയിച്ചു. അതേസമയം, ബോംബ് ഭീഷണി സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.

വ്യാഴാഴ്ച രാവിലെ മുംബയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയർഇന്ത്യ വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് അടിയന്തരമായി വിമാനം ഇറക്കി. ക്യാബിൻ ക്രൂ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് രാജരത്നയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സൗദി അറേബ്യയിലെ റിയാദിൽ നിന്നെത്തിയ രാജരത്നം മുംബയിൽ നിന്നാണ് വിമാനത്തിൽ കയറിയതെന്നും യാത്രക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ച് പലതവണ വാഷ്റൂമിലേക്ക് പോയെന്നും ക്യാബിൻക്രൂ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.