തിരുവനന്തപുരം: ചെമ്പൈ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 30-ാമത് ചെമ്പൈ സംഗീതോത്സവത്തിനും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 128-ാം ജന്മദിനാഘോഷത്തിനും തുടക്കമായി.ശ്രീവരാഹം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ നടന്ന ചടങ്ങ് മനുഷ്യാവകാശ കമ്മിഷൻ ഡയറക്ടർ ജനറൽ ഡോ.സഞ്ജീബ് കുമാർ പട്ജോഷി ഉദ്ഘാടനം ചെയ്തു.മാനസിക സമ്മർദ്ദത്തിനുള്ള ഒറ്റമൂലി സംഗീതമാണെന്നും രാജ്യത്ത് ശാസ്ത്രീയ സംഗീതത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.കെ.ആർ.ജ്യോതിലാൽ മുഖ്യപ്രഭാഷണം നടത്തി. ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി സി.നീലകണ്ഠൻ,എഴുത്തുകാരിയും സംഗീത നിരൂപകയുമായ രാധിക എന്നിവർ പങ്കെടുത്തു.ഇന്നലെ മാവേലിക്കര അഖിൽ കൃഷ്ണയുടെ നാദസ്വര കച്ചേരിയും നടന്നു. ഇന്ന് കുന്നക്കുടി ബാലമുരളി കൃഷ്ണയുടെ കച്ചേരിയാണുള്ളത്. 28ന് സംഗീതജ്ഞൻ ടി.എം.കൃഷ്ണയുടെ കച്ചേരി ഉണ്ടായിരിക്കും.സെപ്തംബർ 1 വരെയാണ് സംഗീതോത്സവം.