നാല്പത്തിനാല് നദികളുള്ള കേരളത്തിൽ വിവിധ ജലവൈദ്യുതി പദ്ധതികൾ യാഥാർത്ഥ്യമാക്കി നമുക്ക് ആവശ്യമുള്ളത്ര വൈദ്യുതി ഉത്പാദിപ്പിക്കാൻ സാദ്ധ്യത നിലനിൽക്കെയാണ് ജനസാന്ദ്രത ഏറിയ സംസ്ഥാനത്ത് ആണവ നിലയത്തെക്കുറിച്ചുള്ള ആലോചന! നമ്മുടെ വനസമ്പത്ത് അതിവേഗം ഇല്ലാതാകുന്നത് ജലവൈദ്യുതി പദ്ധതികൾ കാരണമാണോ?
കേരളത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ അതിരപ്പള്ളിയിൽ ഒരു ആണവനിലയം സ്ഥാപിക്കുന്ന കാര്യം ആലോചിക്കുകയാണത്രേ, സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്ന കാര്യവും പുറത്തുവന്നു.
44 നദികളുള്ള കേരളത്തിൽ വിവിധ ജലവൈദ്യുതി പദ്ധതികൾ യാഥാർത്ഥ്യമാക്കി നമുക്ക് ആവശ്യമുള്ളത്ര വൈദ്യുതി ഉത്പാദിപ്പിക്കാൻ സാദ്ധ്യമാണെന്നിരിക്കെയാണ് ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് ആണവനിലയത്തെക്കുറിച്ചുള്ള ആലോചന! 600 മെഗാവാട്ട് ശേഷിയുള്ള പൂയംകുട്ടി പദ്ധതി, 160 മെഗാവാട്ട് ശേഷിയുള്ള അതിരപ്പള്ളി, 100 മെഗാവാട്ട് വീതം ശേപ്പിയുള്ള പാത്രക്കടവ്, സൈലന്റ‌്‌വാലി, 250 മെഗാവാട്ട് ശേഷിയുള്ള ചെറുകിട വൈദ്യുതി നിലയങ്ങൾ.... ഇത്രയൊക്കെ സാദ്ധ്യതകൾ ഉള്ളപ്പോഴാണ് നമ്മൾ ഒരു ആണവ നിലയത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഈ പ്രോജക്ടുകളൊക്കെ നടപ്പാക്കുന്നതിൽ എന്താണ്, ആരാണ് തടസം? സൈലന്റ്‌വാലി, പാത്രക്കടവ് പ്രക്ഷോഭങ്ങൾ പരിസ്ഥിതിവാദം ഉയർത്തിപ്പിടിച്ചായിരുന്നു.
കേരള സംസ്ഥാന രൂപീകരണ സമയത്തുണ്ടായിരുന്നതിന്റെ 70 ശതമാനം വനങ്ങളും നശിപ്പിക്കപ്പെട്ടതായാണ് കണക്ക്. ഇതിൽ ജലവൈദ്യുതി പദ്ധതികൾക്കായി ഇതുവരെ ഉപയോഗിച്ചത് 12 ശതമാനത്തിൽ താഴെ മാത്രമാണ്. നേരത്തേ പറഞ്ഞ പദ്ധതികൾക്കെല്ലാം കൂടി ഉപേക്ഷിക്കേണ്ടിവരിക ഒരു രണ്ടു ശതമാനം വനമേഖല കൂടിയായിരിക്കും. ബാക്കിയുള്ള വന നശീകരണത്തിന് ആരാണ് ഉത്തരവാദികൾ? അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന് എതിരായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നുചേർന്നപ്പോൾ പരിസ്ഥിതി പ്രേമികളിൽ എത്രപേർ മുന്നിലുണ്ടായിരുന്നു? പരിസ്ഥിതിപ്രേമം ഒരിക്കലും വികസന വിരുദ്ധമാകരുത്. പരിസ്ഥിതിക്ക് അധികം ദോഷമേല്പിക്കാത്ത മട്ടിലും, വെട്ടിമാറ്റേണ്ടിവരുന്ന വൃക്ഷങ്ങൾക്കു പകരം മറ്റൊരു മേഖലയിൽ വനവത്കരണം നടപ്പാക്കിയും ഈ പ്രശ്നം പരിഹരിക്കാവുന്നതല്ലേയുള്ളൂ?
ആ വനമേഖല
എവിടെപ്പോയി?
1964 ൽ ഈ ലേഖകൻ പൊരിങ്ങൽക്കുത്ത് ഡിവിഷനിൽ ഉദ്യോഗത്തിൽ ജോയിൻ ചെയ്യാൻ പോയതോർക്കുന്നു. വെറ്റിലപ്പാറ മുതൽ ആകാശംമുട്ടെ വളർന്നു നിൽക്കുന്ന വൻ വൃക്ഷങ്ങൾ. കണ്ണങ്കുഴി പാലം മുതൽ റോഡിന്റെ ഇരുവശങ്ങളിലും വലിയ മരങ്ങളാണ്. അവയെ തമ്മിൽ ബന്ധിപ്പിച്ച് വള്ളിക്കെട്ടുകൾ. നട്ടുച്ചയ്ക്കു പോലും വാൽപ്പാറയ്ക്കു പോകുന്ന ബസുകൾ ഹെഡ്ലൈറ്റ് തെളിച്ചാണ് പോകുന്നത്. പാലം കഴിഞ്ഞു ചെന്നാൽ കാട് വെട്ടിത്തെളിച്ച് ഒരു വ്യൂ പോയിന്റ്. അവിടെ നിന്നാൽ മാത്രം കാണാവുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം. എത്ര മനോഹരമായ കാഴ്ച! ഇന്ന്, കിലോമീറ്ററുകൾ ദൂരെ നിന്നാൽപ്പോലും വെള്ളച്ചാട്ടം കാണാം. ആകാശം മുട്ടെ വളർന്നുനിന്നിരുന്ന വന്മരങ്ങളുടെ സ്ഥാനത്ത് ഏതാനും മീറ്ററുകൾ മാത്രം പൊക്കംവയ്ക്കുന്ന എണ്ണപ്പനകൾ.
എം.എൻ. ഗോവിന്ദൻ നായർ മന്ത്രിയായിരുന്നപ്പോൾ കണ്ണങ്കുഴി പാലത്തിന്റെ ഇരുവശങ്ങളിലും വനം വെട്ടിത്തെളിച്ച് കുറെ ആദിവാസി കുടുംബങ്ങളെ താമസപ്പിച്ചതാണ്. ഇന്ന് ഒരു ആദിവാസി കുടുംബം പോലും അവിടെയില്ല. ചുളുവിലയ്ക്ക് ചില ടൂറിസ്റ്റ് മാഫിയകൾ ഈ സ്ഥലം കൈയടക്കി. അന്ന് അവിടെ താമസിച്ചിരുന്നവരുടെ അടുത്ത തലമുറയാണ് ഇന്ന് അതിരപ്പള്ളി പദ്ധതിക്കായി കണ്ടുവച്ചിരുന്ന സ്ഥലത്ത് താമസിക്കുന്നത്. വിരലിൽ എണ്ണാവുന്ന കുടുംബങ്ങളേയുള്ളൂ. ഇവരുടെ പുനരധിവാസ പ്രശ്നമാണ് പദ്ധതിക്കെതിരായി ഉയർത്തിക്കാട്ടുന്നത്. ഇവരെ അടുത്തുള്ള പെരിങ്ങൽക്കുത്തിൽ ആരും താമസമില്ലാതെ, അനാഥമായിക്കിടക്കുന്ന, കൂടുതൽ സുരക്ഷിതത്വമുള്ള ക്വാർട്ടേഴ്സുകളിലേക്ക് മാറ്റിത്താമസിപ്പിക്കാവുന്നതാണ്.
പ്രചരിപ്പിക്കുന്നത്
പച്ചക്കള്ളം
അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്കെതിരായി പറയുന്ന ഒരു ന്യായം കുറെ വൃക്ഷ സമ്പത്ത് മുങ്ങിപ്പോകും എന്നതാണ്. ഒരുപക്ഷേ, ഏറ്റവും കുറവ് മരങ്ങൾ നഷ്ടപ്പെടുത്തി ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ഒരേയൊരു പദ്ധതിയാണിത്. അണക്കെട്ടിന്റെ ഉയരം 23 മീറ്റർ മാത്രമാണ്. ഒരു തടയണ മാത്രം. വെള്ളത്തിൽ മുങ്ങിപ്പോവുക പുല്ലുകളും കുറ്റിക്കാടുകളും മാത്രമാണ്. ഒരുവശം, ഒരു കിലോമീറ്റർ വിസ്തൃതിയിൽ, അധികം പൊക്കമുള്ള ഒരു മരംപോലുമില്ലാത്ത പാറക്കെട്ടാണ് (1971-ൽ ഉദയാ നിർമ്മിച്ച അഗ്നിമൃഗം എന്ന സിനിമയിൽ ഈ പാറക്കെട്ടുകൾ കാണാം). ഉത്പാദിപ്പിക്കാൻ കഴിയുന്നത് 160 മെഗാവാട്ട് വൈദ്യുതി.
പദ്ധതി വന്നാൽ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടമാകും എന്നതാണ് മറ്റൊരു വാദം. സത്യം നേരെ മറിച്ചാണ്.
ഈ ലേഖകൻ ദീർഘകാലം പെരിങ്ങൽക്കുത്ത് പ്രോജക്ടിൽ ജോലി ചെയ്ത വ്യക്തിയാണ്. അതിരപ്പള്ളി കൂടിവന്നാൽ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും ശക്തിയും കൂടുകയേയുള്ളൂ. തൊട്ടുമുമ്പേ നിർമ്മിക്കുന്ന ഈ ഡാമിൽ നിന്നുള്ള വെള്ളച്ചാട്ടം മറ്റൊരു കാഴ്ചയായിരിക്കും. 28 വർഷങ്ങൾക്കു മുമ്പ് അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്ക് ടെൻഡർ വിളിച്ചു. ഒരു ചൈനീസ് കമ്പനി ടെൻഡർ നൽകിയതുമാണ്. എന്തുകൊണ്ടോ, അവസാന നിമിഷം ആ കമ്പനി പിന്മാറി. പിന്നീട് ഒരു നീക്കവും ഉണ്ടായില്ല.
അവസാനത്തെ
വഴിയാകട്ടെ
ഇപ്പോൾ ഒരു ആണവനിലയം അവിടെ നിർമ്മിക്കാൻ ആലോചിക്കുന്നത്രെ! ചാലക്കുടി പട്ടണത്തിൽ നിന്ന് 25 കിലോമീറ്റർ ദൂരം മാത്രം! തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ കൂടംകുളം അണുനിലയം വന്നപ്പോൾ ആശങ്കയും ശക്തമായ പ്രതിഷേധവും പ്രകടിപ്പിച്ചവരാണ് നമ്മൾ. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള നമ്മുടെ സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതിയെപ്പോലും ശക്തമായി എതിർത്ത അതിരപ്പള്ളിയിൽ ഒരു അണുശക്തി നിലയത്തെക്കുറിച്ച് ആലോചന നടക്കുമ്പോൾ ഒരു പ്രതിഷേധവും ഒരു ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല! മറ്റു മാർഗങ്ങളെല്ലാം അടയുമ്പോൾ മാത്രം, മറ്റു ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ മാത്രം, ഇതര സാദ്ധ്യതകളെല്ലാം ചൂഷണം ചെയ്തതിനു ശേഷം മാത്രം പോരേ ഇക്കാര്യം പരിഗണിക്കുന്നത്? പരിസ്ഥിതി പ്രേമികളും രാഷ്ട്രീയ നേതൃത്വവും പ്രകൃതി സംരക്ഷണ വാദികളും ചിന്തിക്കട്ടെ.
കേരളത്തിൽ ഇപ്പോൾ പവർ കട്ട് ഒഴിവാക്കുന്നത് ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വില കൂടിയ വൈദ്യുതി ഉപയോഗിച്ചാണ്. ഇത്രദൂരം എത്തിക്കുമ്പോൾ പ്രസരണ ലൈനുകളിലൂടെ സംഭവിക്കുന്ന വൈദ്യുതി നഷ്ടം ഉൾപ്പെടെയുള്ള യൂണിറ്റുകൾക്കാണ് ഈ സംസ്ഥാനങ്ങൾ വലിയ വില ഈടാക്കുന്നത്. ഈ പ്രസരണ നഷ്ടം ഒഴിവാക്കാൻ സാദ്ധ്യവുമല്ല. ഈ ഭാരവും വഹിക്കേണ്ടത് ഉപഭോക്താക്കൾ തന്നെ. വൻകിട ഫാക്ടറികളും വ്യവസായികളും അവരുടെ ഉത്പാദന ചെലവ് ഉപഭോക്താക്കൾക്കു മേൽ കെട്ടിവച്ച് മുതലാക്കിക്കൊള്ളും. പക്ഷേ സാധാരണ ഉപഭോക്താവോ? സഹിക്കുകയല്ലാതെ മാർഗമില്ല. നേരെ പകുതി വിലയ്ക്ക് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശക്തിയുള്ള ജലം അറബിക്കടലിലേക്ക് ഒഴുക്കിക്കളഞ്ഞിട്ടാണ് ഉപഭോക്താക്കൾക്കു മേൽ ഈ അധികഭാരം കെട്ടിയേല്പിക്കുന്നത്. സഹിക്കുക; വേറെ വഴിയില്ല.
(ഏഴുവർഷം പെരിങ്ങൽക്കുത്ത്, ഷോളയാർ, ശബരിഗിരി പദ്ധതികളിൽ പ്രവർത്തിച്ചിട്ടുള്ള കെ.എസ്.ഇ.ബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ ആണ് ലേഖകൻ)