തിരുവനന്തപുരം: തമ്പാനൂർ ബസ് ടെർമിനലിൽ നെയ്യാറ്റിൻകര,കളിയിക്കാവിള ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് കാത്തുനിന്ന് കാൽകുഴയുമ്പോൾ ഒന്നിരിക്കണമെന്ന് തോന്നിയാൽ വലയും. ഇരിക്കാൻ കസേരകളോ, മറ്റ് സൗകര്യങ്ങളോ ഇല്ലെന്നതാണ് വസ്തുത. മറ്റ് ജില്ലകളിൽ നിന്നെത്തുന്നവർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നവർ, ഓഫീസിൽ നിന്ന് മടങ്ങുന്നവർ, സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവരടക്കം ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ നെയ്യാറ്റിൻകര, കളിയിക്കാവിള ഭാഗത്തെ ബസ് സ്റ്റാൻഡിനാണ് ഈ ദുരവസ്ഥ. രാവിലെ മുതൽ രാത്രിവരെ ഈ ബസ് സ്റ്റാൻഡിൽ തിരക്കാണ്. മണിക്കൂറുകൾ നിന്നാലാണ് ഒരു ബസ് കിട്ടുക. അതുവരെ വെയിലും മഴയുമേറ്റ് സ്റ്റാൻഡിൽ യാത്രക്കാർ ഒരേ നില്പാണ്. സ്‌ത്രീകളും കുട്ടികളും വൃദ്ധരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. പ്രായമായവരും രോഗികളും തലചുറ്റി വീണ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്.
തിരക്കിൽ ബുദ്ധിമുട്ടുന്നു
നൂറുകണക്കിന് സർവീസുകളാണ് ഈ സ്റ്റാൻഡിൽ നിന്ന് പ്രതിദിനം സർവീസ് നടത്തുന്നത്. എൻ.എച്ച് - 47 കരമന - കളിയിക്കാവിള റൂട്ടിലെ ബാലരാമപുരം,നെയ്യാറ്റിൻകര,കളിയിക്കാവിള, ഊരൂട്ടമ്പലം- കാട്ടാക്കട, വെള്ളായണി - കാക്കാമൂല തുടങ്ങി പ്രധാന റൂട്ടിലെല്ലാം എല്ലായിപ്പോഴും വൻ തിരക്കാണ്. റൂട്ടുകളിലെ ചെറിയ സ്റ്റോപ്പുകളിൽ പോലും യാത്രക്കാർക്ക് കാത്തിരിപ്പു കേന്ദ്രങ്ങളുള്ളപ്പോഴാണ് തമ്പാനൂർ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരോട് കെ.എസ്.ആർ.ടി.സിയുടെ ഈ കടുത്ത അവഗണന.
സ്റ്റേഷൻ മാസ്റ്റർ ഓഫീസ് 'തറ''
നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന്റെ സ്ഥിതി വളരെ ശോചനീയമാണ്. തറ സിമന്റിടുകയോ ജീവനക്കാർക്ക് ഇരിക്കാൻ കസേരയോ ചൂടകറ്റാൻ ഫാനുകളോ ഇല്ല. ഏറ്റവും താഴത്തെ ഈ നിലയിൽ കടുത്ത ചൂട് കാരണം ജീവനക്കാരും ദുരിതത്തിലാണ്. ദീർഘദൂര ഓട്ടം കഴിഞ്ഞെത്തുന്ന വനിതാ ജീവനക്കാർക്ക് വസ്ത്രം മാറാനും മതിയായ സൗകര്യമില്ല. ടെർമിനലിൽ ജീവനക്കാർക്ക് രാത്രിയിൽ ഉറങ്ങാൻ കട്ടിലും മറ്റ് സൗകര്യങ്ങളുമില്ലെന്നും തിങ്ങിഞെരുങ്ങിയാണ് കിടക്കുന്നതെന്നും ജീവനക്കാർ പരാതിപ്പെടുന്നു.