തിരുവനന്തപുരം: വൻകിട കോർപ്പറേറ്റുകളുടെ ജനവിരുദ്ധ നീക്കങ്ങളെ ചെറുക്കാൻ ചെറുകിട സംരംഭകരുടെ കൂട്ടായ്മ അനിവാര്യമാണെന്ന് കൈറ്റ് ഫെഡറേഷൻ ചെയർമാനും സി.പി.ഐ നേതാവുമായ സി.ദിവാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാരും മാദ്ധ്യമപ്രവർത്തകരും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭകരെ സംഘടിപ്പിക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ചതാണ് കൈറ്റ് (കേരള അഗ്രിക്കൾച്ചറൽ ഇൻഡസ്ട്രിയൽ ട്രേഡ് എംപവർമെന്റ് ഫെഡറേഷൻ). ചെറുകിട സംരംഭകരെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപ്പെടൽ ഉണ്ടാകണമെന്ന് ജനറൽ സെക്രട്ടറി കെ.പി.അനിൽ ദേവ് ആവശ്യപ്പെട്ടു. ഫെഡറേഷൻ ട്രഷറർ ഡോ.ബി.അബ്ദുൽ സലാം,വൈസ് ചെയർമാൻ ഡോ.ഇന്ദ്രബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.