തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി വിധിക്ക് അനുസരിച്ചു സർക്കാർ നിലപാട് സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സർക്കാരിന് റിപ്പോർട്ട് പൂഴ്ത്തേണ്ട കാര്യമില്ല. അതിലെ ഒരുഭാഗവും സർക്കാർ ഇടപെട്ട് വെട്ടിക്കുറച്ചിട്ടില്ല. ഉൾപ്പെടുത്തേണ്ട ഏതെങ്കിലും ഭാഗം ലഭിച്ചില്ലെങ്കിൽ നിയമപരമായി വാങ്ങി എടുക്കാവുന്നതാണ്. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചു. സിനിമാ നയം രൂപീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മലയാള സിനിമയെ സംരക്ഷിക്കുകയെന്ന നയമാണ് സർക്കാരിനുള്ളത്. എല്ലാ പരാതികളിലും പൊലീസ് കേസെടുത്തിട്ടുണ്ട്. റിപ്പോർട്ടിലെ പരാമർശങ്ങളുടെ പേരിൽ പരാതിയില്ലാതെ കേസെടുത്താൽ നിലനിൽക്കില്ല. റിപ്പോർട്ടുമായി ബന്ധപ്പെട്ടു പരിമിതികളുണ്ടെങ്കിലും കുറ്റക്കാർ രക്ഷപ്പെടരുതെന്നാണ് സർക്കാർ നിലപാട്. എല്ലാ കാര്യങ്ങളിലും നടപടിയുണ്ടാവും.
ഇക്കാര്യത്തിൽ കോടതികൾക്കാണ് ഫലപ്രദമായി ഇടപെടാൻ കഴിയുക. കുറ്റക്കാർ രക്ഷപ്പെട്ടുപോകാൻ പാടില്ലെന്നു തന്നെയാണു സർക്കാർ നിലപാട്. സ്ത്രീകൾക്ക് അനുകൂലമായ നിലപാടാണ് സി.പി.എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുള്ളത്. ജസ്റ്റിസ് ഹേമയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് രഹസ്യമായി സൂക്ഷിച്ചത്. അതു കളവാണെന്ന പച്ചക്കള്ളമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സിനിമാനയം രൂപീകരിക്കാൻ നടത്തുന്ന കോൺക്ലേവിൽ ആരൊക്കെ പങ്കെടുക്കണമെന്ന് ചർച്ചചെയ്ത് തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.