തിരുവനന്തപുരം: വിവരാവകാശ കമ്മിഷൻ വിലക്കാത്ത വിവരങ്ങൾ മുക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തുവിട്ടതെന്നത് വ്യക്തമായതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലായി. അതീവ ഗുരുതര വിഷയത്തിൽ റിപ്പോർട്ടിന്റെ പൂർണ രൂപം ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ വിവാദം. പ്രതിപക്ഷ ആക്രമണത്തിനും ഇതു മൂർച്ച കൂട്ടി.

പോക്‌സോ കേസ് ചുമത്താനുള്ള വെളിപ്പെടുത്തലും ഉൾപ്പെട്ട റിപ്പോർട്ടിൽ സർക്കാരിന്റെ സമീപനത്തിൽ സി.പി.എമ്മിലും എൽ.ഡി.എഫിലും അതൃപ്തി പുകയുന്നു. പൊതുവികാരം എതിരാണെന്ന് തിരിച്ചറിഞ്ഞാണ് സർക്കാർ ഒന്നും വെട്ടിയില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വാർത്താസമ്മേളനം വിളിച്ച് പറയേണ്ടി വന്നത്.

അതിനിടെ,​ ചലച്ചിത്ര അക്കാഡമി ചെയർമാനും ഇടതു അനുഭാവിയുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര പീഡനശ്രമ ആരോപണമുയർത്തിയതും നാണക്കേടായി. പാലേരിമാണിക്യത്തിൽ ഒഡീഷന് ഹോട്ടലിലെത്തിയപ്പോൾ രഞ്ജിത്ത് കഴുത്തിൽ സ്പർശിച്ചെന്നും തട്ടിമാറ്റി രക്ഷപ്പെട്ടെന്നുമാണ് ആരോപണം. രഞ്ജിത്ത് ഇത് നിഷേധിച്ചു. രഞ്ജിത്തിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടുകഴിഞ്ഞു. സർക്കാരിന്റെ പ്രതികരണമാണ് ഇനി അറിയേണ്ടത്.

മുക്കിയത് പീഡന വിവരം

49 മുതൽ 53 വരെ പേജുകളിലെ 11 ഖണ്ഡികൾ ഒഴിവാക്കിയാണ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവിട്ടത്. ഇതു തിരിച്ചറിയാതിരിക്കാൻ പേജ് നിറയുന്ന വിധം ഫോട്ടോകോപ്പി എടുത്തു. ലൈംഗികാതിക്രമ വിവരങ്ങളാണ് ഒഴിവാക്കിയത്. 48ാം പേജിലെ 93-ാം പാരഗ്രാഫിൽ,​ സിനിമയിലെ പ്രമുഖരിൽ നിന്നുൾപ്പെടെ ലൈംഗികാതിക്രമം നേരിടേണ്ടിവന്നെന്ന് പറയുന്നുണ്ട്. ഇതു കഴിഞ്ഞുള്ള 5 പേജുകളാണ് പൂർണമായി ഒഴിവാക്കിയത്. 42, 43 പേജുകളിലെ 85-ാം പാരഗ്രാഫും 59, 79 പേജുകളിലെ 44 പാരാഗ്രാഫുകളും ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നു. 49, 53 പേജുകൾ ഒഴിവാക്കുന്നത് അറിയിച്ചതുമില്ല.


ഉരുണ്ടുകളി ഇതുവരെ

 റിപ്പോർട്ട് കിട്ടി നാലരവർഷം അനങ്ങിയില്ല. പുറത്തുവിടാൻ വിവരാവകാശ കമ്മിഷന്റെ ഉത്തരവിനോടും മൗനം

 ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും പുറത്തുവിടാൻ നടി രഞ്ജിനി കോടതിയിൽ പോകും വരെ കാത്തിരുന്നു

 പ്രശ്നപരിഹാരമായി സാംസ്കാരിക മന്ത്രി പ്രഖ്യാപിച്ച കോൺക്ലേവിനെതിരെ ഉയരുന്നത് പരിഹാസം

 കോൺക്ലേവിനടക്കം സ്വകാര്യ കൺസൾട്ടിംഗ് കമ്പനിക്ക് നൽകിയത് ഒരു കോടി

അമ്മയിലും ഭിന്നസ്വരം

നിലപാട് വ്യക്തമാക്കാൻ അഭിനേതാക്കളുടെ സംഘടന അമ്മ വിളിച്ച പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാമർശവും വിവാദമായി. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ അടച്ചാക്ഷേപിക്കരുതെന്ന് സിദ്ദിഖ് പറഞ്ഞതിനെതിരെ അമ്മ വൈസ് പ്രസി‌ഡന്റ് ജഗദീഷ് രംഗത്തെത്തി. നിസാരവത്കരിക്കരുതെന്നും ഒറ്റപ്പെട്ടതാണെങ്കിലും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ആരോപിതർ അഗ്നിശുദ്ധി വരുത്തട്ടെയെന്നും പറഞ്ഞു.