വെഞ്ഞാറമൂട്: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നെല്ലനാട് പ‍ഞ്ചായത്തിലെ കീഴായിക്കോണത്ത് പ്രവർത്തിച്ചിരുന്ന സമഗ്ര പച്ചക്കറി കൃഷി വിപണന കേന്ദ്രം ഉടൻ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കൃഷി വകുപ്പ് ഡയറക്ടറേറ്റിൽ നിന്നും വാമനപുരം ബ്ലോക്ക് അസിസ്റ്റന്റ് കൃഷിവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

ഉത്തരവിനെത്തുടർന്ന് മുടങ്ങിക്കിടന്നിരുന്ന ബി.എഫ്.എൽ.ഒ ബ്ലോക്കുതല ഭരണസമിതി ഭാരവാഹികളുടെ തിര‍ഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം രാവിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ നടന്നു. ഇതുസംബന്ധിച്ച് കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ കർഷകർ" എന്ന തലക്കെട്ടിൽ വ്യാഴാഴ്ച കേരള കൗമുദി വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട അധികൃതർ ഉടൻ ഇടപെടുകയായിരുന്നു. തിരഞ്ഞെടുപ്പു നടന്ന് പുതിയ ഭരണസമിതി നിലവിൽ വരുന്നതോടെ കർഷകരിൽ നിന്നും ഉത്പന്നങ്ങൾ ശേഖരിച്ചു വിപണനം നടത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

കാണാതായ സാധനങ്ങൾ കണ്ടെത്തി

ഇതേസമയം കീഴായിക്കോണം ക്ലസ്റ്ററിൽ കർഷകർക്ക് വാടകയ്ക്കും വിൽപ്പനയ്ക്കുമായി സൂക്ഷിച്ചിരുന്ന കാണാതായ സാധനങ്ങൾ സ്വകാര്യ കടകളിൽ നിന്നും ഇന്നലെ കൃഷി വകുപ്പ് അധികൃതർ കണ്ടെത്തി. കീഴായിക്കോണം വിപണിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പിൽ നിന്നും കർഷകർക്ക് ആവശ്യമായ വിത്തുകൾ, വളങ്ങൾ, ഗ്രോ ബാഗുകൾ തുടങ്ങിയവ വിലയ്ക്കും കാർഷിക ഉപകരണങ്ങൾ വാടകയ്ക്കും നൽകുമായിരുന്നു. ഈ സാധനങ്ങളാണ് കാണാതായത്.

തുടർന്ന് കൃഷി ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വാമനപുരത്തിനു സമീപത്തെ ഒരു കടയിൽ നിന്നും ഗ്രോ ബാഗുകൾ കണ്ടെത്തി. സർക്കാർ കാർഷിക വിപണി വഴി നൽകിയ ബാഗ് ആണെന്നും ഇത് വിൽക്കാൻ പാടില്ലെന്നും കട ഉടമയെ അധികൃതർ ധരിപ്പിച്ചു. ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ ഉന്നതാധികാരികൾക്ക് പരാതി നൽകുമെന്ന് അധികൃതർ അറിയിച്ചു.