vld-1

വെള്ളറട: കാരമൂട്ടിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥികളടക്കം 23 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലരയോടെ പാറശാല നിന്ന് നെടുമങ്ങാട്ടേക്ക് പോയ ബസിൽ ആനപ്പാറയിൽ നിന്ന് വെള്ളറട ഭാഗത്തേക്ക് വന്ന ബി.എം.ഡബ്ല്യു കാർ ഇടിക്കുകയായിരുന്നു. സ്‌കൂൾ വിട്ട സമയമായതിനാൽ ബസിലേറെയും വിദ്യാർത്ഥികളായിരുന്നു. കാർ ഓടിച്ചിരുന്ന ആനപ്പാറ സ്വദേശി ശരത്തിന് നിസാര പരിക്കേറ്റു. ബസിനടിയിലേക്ക് ഇടിച്ചുകയറിയ കാർ പൂർണമായും തകർന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ വെള്ളറട ഗവ: ആശുപത്രിയിലും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും കാരക്കോണം മെഡിക്കൽ കോളേജിലുമായി പ്രവേശിപ്പിച്ചു. വെള്ളറട വി.പി.എം ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയായ മൈലക്കര സ്വദേശി എസ്.ആർ, വിദ്യാർത്ഥികളായ കിളിയൂർ സ്വദേശി അർച്ചന,​ കുടപ്പനമൂട് സ്വദേശികളായ ആര്യ(12)​, സുഹാന (13)​, ഷിബിൽ (10)​, ശിവാനി (13)​, അനന്യ (13), കോവില്ലൂർ സ്വദേശികളായ അർച്ചന (13), ആസിയ (13), ശരണ്യബാബു (13)​, അമ്പലം സ്വദേശി രതിക (13), വാഴിച്ചൽ സ്വദേശി വാസന്തി (62)​, കുട്ടമല സ്വദേശി ഹാജിത ബീവി (38), കോവില്ലൂർ സ്വദേശി സിജി (36)​,​ മകൾ അനന്യ (10)​,​ ശരത്തിനൊപ്പമുണ്ടായിരുന്ന മൂങ്ങോട് സ്വദേശി നിധിൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് വെള്ളറട - ആനപ്പാറ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.