തിരുവനന്തപുരം: പ്രിയനടൻ ഇന്ദ്രൻസിന് ഇന്ന് അട്ടക്കുളങ്ങര സ്കൂളിൽ ഏഴാം ക്ളാസ് പരീക്ഷ. `പേടിയുണ്ട്, എഴുതിനോക്കാം...
ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ ഞാനെന്തു ചെയ്യാനാ...
ചെറിയ ഇടവേളയേ പഠിക്കാൻ കിട്ടിയുള്ളൂ. ആ സമയത്ത് വീട്ടുകാരാണ് പഠിപ്പിച്ചത്. മെഡിക്കൽ കോളേജ് ഹൈസ്‌കൂളിലായിരുന്നു തുല്യതാ ക്ളാസ്. ഒപ്പമുള്ളവരെല്ലാം എല്ലാ ആഴ്ചയിലും ക്ളാസിന് പോകുമായിരുന്നു' - ഇന്ദ്രൻസ് കേരളകൗമുദിയോട് പറഞ്ഞു.
നാലാം ക്ളാസിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നു. ജീവിതമാർഗം തേടി തയ്യൽകടയിൽ അഭയം പ്രാപിക്കുകയായിരുന്നു. അപ്രതീക്ഷിത തിരിവുകൾ നിറഞ്ഞ ജീവിതം ചെന്നുനിന്നത് സിനിമയിലും. അഭിനയത്തിന്റെ വെള്ളിവെളിച്ചത്തിലായെങ്കിലും മുറിഞ്ഞുപോയ പഠനകാലം എന്നും ഒരു നൊമ്പരമായിരുന്നു. അതാണ് അറുപത്തിയെട്ടാം വയസിൽ ഏഴാം ക്ളാസ് തുല്യതാ പരീക്ഷയ്ക്ക് പ്രേരിപ്പിച്ചത്.
രാവിലെയും ഉച്ചയ്ക്കുമായി രണ്ടുദിവസം പരീക്ഷയുണ്ട്. രാവിലെ 9.30ന് ആരംഭിച്ച് വൈകിട്ട് നാലരയ്ക്ക് അവസാനിക്കും. മലയാളം, ഇംഗ്ളീഷ്, ഹിന്ദി എന്നിവയാണ് ഇന്നത്തെ പരീക്ഷകൾ. നാളെ സാമൂഹ്യശാസ്ത്രവുംഅടിസ്ഥാനശാസ്ത്രവും ഗണിതവുമാണ്. ഫലം രണ്ടാഴ്ചയ്ക്കുള്ളിൽ വരും.
സാക്ഷരതാമിഷൻ
അംബാസഡറാകും
ഏഴാം ക്ളാസ് ജയിച്ചുകഴിഞ്ഞാൽ പത്താംതരം തുല്യതാ ക്ളാസിലേക്കാണ്.
പത്താംതരത്തിലെത്തുമ്പോൾ കാത്തിരിക്കുന്നത് സാക്ഷരതാ മിഷൻ ബ്രാൻഡ് അംബാസഡറുടെ വേഷം. അതിനായി സർക്കാരിന് ശുപാർശ നൽകാനൊരുങ്ങുകയാണ് സാക്ഷരതാ മിഷൻ. പഠനത്തോടുള്ള ഇന്ദ്രൻസിന്റെ അടങ്ങാത്ത ആവേശം സാധാരണക്കാർക്ക് പ്രചോദനമാകും എന്നതിനാലാണ് അദ്ദേഹത്തെ അംബാസഡറാക്കുന്നതെന്ന് ഡയറക്‌ടർ എ.ജി.ഒലീന പറഞ്ഞു.
.