തിരുവനന്തപുരം: നഗരത്തിൽ മൂന്നുവർഷത്തിനിടെ പൈപ്പ് പൊട്ടിയത് 9213 തവണ. അതിൽ ഏറ്റവും കൂടുതൽ പൊട്ടിയത് അമ്പലമുക്ക്, പേരൂർക്കട, മുട്ടട ഭാഗങ്ങളിൽ. പൊട്ടൽ, അറ്റകുറ്റപ്പണി എന്നതാണ് കഴിഞ്ഞ കുറെനാളുകളായി ഇവിടത്തെ അവസ്ഥ. ആയിരക്കണക്കിന് ജനങ്ങളെ വലയ്‌ക്കുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഇതുവരെ ജലഅതോറിട്ടിക്കായിട്ടില്ല. ചോദിച്ചാൽ മുട്ടാപ്പോക്ക് കാരണങ്ങളുടെ ഭാണ്ഡക്കെട്ടഴിക്കും ജല അതോറിട്ടി.
ഒരു മാസത്തിനിടെ 4 തവണ പൊട്ടി
പേരൂർക്കടയിൽ നിന്ന് നഗരത്തിലേക്ക് കുടിവെള്ള വിതരണം നടത്തുന്ന പൈപ്പിൽ രണ്ടാഴ്ചയ്‌ക്കിടെ മൂന്നാമത്തെ തവണയാണ് പൊട്ടലുണ്ടായത്. ഒരുമാസത്തിനിടെ ഈ മേഖലയിൽ പൈപ്പ് പൊട്ടിയത് നാലുതവണയും. അമ്പലമുക്ക് - മുട്ടട റോഡിൽ സാന്ത്വന ആശുപത്രിക്ക് സമീപത്തുള്ള 400 എം.എം പൈപ്പിലാണ് ഇത്തവണയും പൊട്ടലുണ്ടായത്. കഴിഞ്ഞ ആഴ്ച ചോർച്ച അടച്ച സ്ഥലമാണിത്. ബുധനാഴ്ച രാത്രി മുതൽ നടത്തിയ അറ്റകുറ്റപ്പണിയെ തുടർന്ന് ചോർച്ച അടച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കായെടുത്ത കുഴി ഇന്ന് മൂടും. അടിക്കടി പൈപ്പ് പൊട്ടുന്നതും അറ്റകുറ്റപ്പണിക്കായി കുഴിക്കുന്നതും കാരണം അമ്പലമുക്ക് - മുട്ടറ റോഡിലൂടെയുള്ള യാത്രയും ദുഷ്‌കരമായിട്ടുണ്ട്. ടാർ ചെയ്താലും ദിവസങ്ങൾക്കകം വീണ്ടും കുഴിയാകും. മഴ പെയ്താൽ റോഡ് ചെളിക്കുളമാകും.
പഴഞ്ചനാണിപ്പോൾ, പുത്തനാകും
നഗരത്തിലെ പ്രധാന കുടിവെള്ള ലൈനുകളിലെ പൈപ്പുകൾക്ക് 30 മുതൽ 50 വർഷം വരെ പഴക്കമുണ്ട്. കവടിയാറിൽ നിന്ന് തുടങ്ങി പട്ടം, മരപ്പാലം വഴി മെഡിക്കൽ കോളേജിൽ അവസാനിക്കുന്ന ലൈനിലാണ് കാലപ്പഴക്കം ചെന്ന പൈപ്പുകളേറെയും. പ്രധാന റോഡുകൾ കടന്നുപോകുന്ന ലൈനുകളായതിനാൽ പൈപ്പ് പൊട്ടിയാലുള്ള അറ്റകുറ്റപ്പണിയും ശ്രമകരമാണ്. മാത്രമല്ല റോഡ് ടാർ ചെയ്യുന്നത് അടക്കമുള്ള സാമ്പത്തിക ബാദ്ധ്യത വേറെയും. പൈപ്പ് പൊട്ടൽ സ്ഥിരമായതോടെ പഴഞ്ചൻ പൈപ്പുകൾ മാറ്റാൻ ജല അതോറിട്ടി തീരുമാനിച്ചിട്ടുണ്ട്. അമൃത് 2 പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പ് ലൈനുകൾ മാറ്റാനുള്ള പദ്ധതി ഭരണാനുമതിക്കായി ജല അതോറിട്ടി സമർപ്പിച്ചിട്ടുണ്ട്.