വിതുര: മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാദ്ധ്യതയും കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം ഒരാഴ്ചയായി അടച്ചിരുന്ന പൊൻമുടി വീണ്ടും തുറന്നു. ഇതോടെ സഞ്ചാരികളുടെ തിരക്കേറി. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും തുറന്നുകൊടുത്തു. പ്രതികൂല കാലാവസ്ഥയാണെങ്കിലും ടൂറിസ്റ്റുകളുടെ തിരക്കാണ്. പൊൻമുടിയിൽ നിലവിൽ കനത്തമഴയും മഞ്ഞുവീഴ്ചയും കാറ്റുമുണ്ട്. മഴയെ തുടർന്ന് രണ്ട് മാസത്തിനിടയിൽ 10 തവണയാണ് പൊൻമുടി അടച്ചിട്ടത്. മരങ്ങൾ വീണ് പൊൻമുടി -കല്ലാർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടിരുന്നു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് മണ്ണിടിച്ചിലുമുണ്ടായിരുന്നു. മാത്രമല്ല കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യവും ഭീതിപരത്തുന്നു. സഞ്ചാരികൾ പൊലീസിന്റെയും വനപാലകരുടെയും നിർദ്ദേശങ്ങൾ പാലിച്ചാണ് സന്ദർശനം നടത്തേണ്ടത്.

നിരക്ക് വർദ്ധന

നടപ്പിലായില്ല

പൊന്മുടിയിലേക്കുള്ള പ്രവേശന ഫീസ് ഇരട്ടിയാക്കാൻ എടുത്ത തീരുമാനം നടപ്പായില്ല. 40 രൂപയിൽ നിന്ന് 80 ആയി ഉയർത്താനാണ് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി യോഗത്തിൽ തീരുമാനിച്ചത്. ഇതോടൊപ്പം പാർക്കിംഗ് ഫീസും തെന്മല, മീൻമുട്ടി പ്രവേശനനിരക്കും വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നിരക്ക് വർദ്ധനയ്ക്കെതിരെ പ്രതിഷേധവുമായി പൊന്മുടി സംരക്ഷണസമിതിയും ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും വ്യാപാരി വ്യവസായി ഏകോപനസമിതിയും വനം മന്ത്രിക്കും ടൂറിസം മന്ത്രിക്കും പരാതി നൽകിയിരുന്നു.

നിരക്ക് വർദ്ധിപ്പിക്കാൻ മന്ത്രി അനുമതി നൽകാൻ വൈകിയതുമൂലം തീരുമാനം കടലാസിലായി. അതേസമയം നിരക്ക് വർദ്ധിപ്പിച്ചാൽ ശക്തമായ സമരം സംഘടിപ്പിക്കാനാണ് പൊൻമുടി സംരക്ഷണസമിതിയുടെ തീരുമാനം. പൊന്മുടിയിലെ ഗസ്റ്റ്ഹൗസ് നിർമ്മാണം വിലയിരുത്താൻ മന്ത്രി മുഹമ്മദ് റിയാസ് രണ്ടാഴ്ച മുൻപ് എത്തിയിരുന്നു. ഇവിടെ വികസനങ്ങൾ നടപ്പിലാക്കുമെന്ന് അന്ന് മന്ത്രി പ്രഖ്യാപിച്ചു. ഗസ്റ്റ്ഹൗസിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഏറക്കുറെ പൂർത്തിയായി. ഓണത്തിന് ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.