കാഫിർ വിവാദം സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയതിനെ കുറിച്ച് വടകര എം.പിയും കോൺഗ്രസ് നേതാവുമായ ഷാഫി പറമ്പിൽ കേരളകൗമുദിയോട് സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്:
?കാഫിർ സ്‌ക്രീൻ ഷോട്ട് യു.ഡി.എഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാദം
ജനങ്ങളെ ഒരുമിച്ച് വിഡ്ഢികളാക്കുന്ന തരത്തിൽ സി.പി.എം അവരുടെ ബുദ്ധിയെ ചോദ്യം ചെയ്യരുത്. പിണറായിയുടെ പൊലീസാണ് സ്‌ക്രീൻ ഷോട്ട് വ്യാജമാണെന്ന് പറഞ്ഞത്. കോടതി പൊലീസിന്റെ ചെവിക്ക് പിടിച്ചതിനാൽ ആരൊക്കെയാണ് പ്രചരിപ്പിച്ചതെന്നും എവിടെയൊക്കെയാണ് പ്രത്യക്ഷപ്പെട്ടതെന്നും വെളിവായത്.
?പ്രചാരണത്തിൽ കെ.കെ ശൈലജയ്‌ക്കെതിരെ താങ്കൾ വ്യക്തി അധിക്ഷേപം നടത്തിയെന്നാണ് സി.പി.എം പറയുന്നത്
വ്യക്തിഹത്യ നടത്തി തിരഞ്ഞെടുപ്പ് ജയിക്കുന്നതിനേക്കാൾ നല്ലത് പരാജയമാണെന്ന് പ്രചാരണവേളയിൽ പറഞ്ഞിട്ടുണ്ട്. വ്യാജവീഡിയോയുണ്ടെന്ന് പറഞ്ഞതിനെ പിന്നീട് ഇടത് സ്ഥാനാർത്ഥിക്ക്തള്ളിപ്പറയേണ്ടി വന്നു. കാഫിർ എന്ന് അവരെ വിളിപ്പിച്ചിട്ട് എത്ര നിഷ്ങ്കളങ്കമായി ഞാൻ മതേതരത്വം പറയുന്നുവെന്ന് അന്ന് കെ.കെ ശൈലജ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്‌ക്രീൻ ഷോട്ട് വ്യാജമാണെന്ന വസ്തുത പുറത്ത് വന്നിട്ടും ഇത് തള്ളിപ്പറയുന്നില്ല. കെ.കെ ലതിക ചെയ്തത് തെറ്റെന്ന് പറഞ്ഞു. വ്യക്തിഹത്യ ചെയ്യപ്പെട്ടത് ഞാനാണ് അവരല്ല.
?വോട്ട് ഭിന്നിപ്പിക്കാനായിരുന്നു സ്‌ക്രീൻ ഷോട്ടെന്ന് കരുതുന്നുണ്ടോ
ആയിരിക്കാം. തിരഞ്ഞെടുപ്പിൽ മതത്തിന്റെയല്ല മതേതരത്വത്തിന്റെ പ്ലസ് മതിയെന്നും വർഗീയ സംഘടനകളുടെ വോട്ട് വേണ്ടെന്നും പറഞ്ഞ സ്ഥാനാർത്ഥിയാണ് ഞാൻ. വടകര മണ്ഡലത്തിൽ എല്ലാവരുടെയും പിന്തുണ കിട്ടി ജയിക്കാനാണ് ആഗ്രഹിച്ചത്. മതാടിസ്ഥാനത്തിൽ വോട്ട് ഏകീകരണത്തിന് ഞാൻ ശ്രമിച്ചുവെന്ന് വരുത്തി തീർക്കുന്നത് മറ്റ് വിഭാഗങ്ങൾക്കിടയിൽ എന്റെ പിന്തുണ നഷ്ടപ്പെടുത്താൻ വേണ്ടിയാണ്.
?സ്‌ക്രീൻ ഷോട്ടിന് പിന്നിൽ സി.പി.എമ്മാണോ
ഇത് ആദ്യം പ്രത്യക്ഷപ്പെട്ട പ്രചരിപ്പിക്കപ്പെട്ട സ്ഥലം,തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ ഉപയോഗിച്ച ആളുകളുടെ പിന്നിൽ ആരാണെന്ന് അന്വേഷിച്ചാൽ മനസിലാകും. ഇക്കാര്യത്തിൽ അന്വേഷണത്തിന് പൊലീസ് മടിക്കുന്നതെന്തിന്. ഇപ്പോൾ അന്വേഷണമെത്തി നിൽക്കുന്നത് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണനിലാണ്. കോൺഗ്രസുകാരാണ് ഇത് നൽകിയതെങ്കിൽ അയാൾ അത് പുറത്ത് പറയാൻ മടിക്കുന്നതെന്തിനാണ്.
? പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണോ
മണിക്കൂറുകൾ കൊണ്ട് ചെയ്യാവുന്ന കാര്യത്തിന് പൊലീസ് മാസങ്ങൾ എടുത്തത് ഇതിന് പിന്നിൽ സി.പി.എമ്മുമായി ബന്ധമുള്ളതിനാലാണ്. സ്‌ക്രീൻഷോട്ട് വ്യാജമാണെന്നറിഞ്ഞിട്ടും ഇത് പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാവുന്നില്ല. കേസിന്റെ വിവരങ്ങൾ പല ഘട്ടങ്ങളിലായി അന്വേഷണസംഘം പുറത്ത് വിടുന്നത് കോടതിയുടെ മേൽനോട്ടമുള്ളതിനാലാണ്.