air-india

യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജ് പരിധി മുപ്പതിൽ നിന്ന് ഇരുപതു കിലോയായി കുറച്ചത് ഏറ്റവുമധികം പ്രതികൂലമാകുന്നത് മലയാളികളായ പ്രവാസികൾക്കായിരിക്കും. എയർ ഇന്ത്യ എന്ന പഴയ പൊതുമേഖലാ കമ്പനിയുടെ ആരംഭകാലം തൊട്ടേ മലയാളി യാത്രക്കാരോട് കടുത്ത വിവേചനം പുലർത്തുന്ന വിമാന കമ്പനി ഇപ്പോൾ ടാറ്റായുടെ ഉടമസ്ഥതയിലായിട്ടും പഴയ പതിവു പുറത്തെടുക്കുകയാണ്. പ്രത്യേകിച്ചു കാരണമൊന്നും പറയാതെയാണ് പുതിയ ലഗേജ് നിയന്ത്രണം ഇക്കഴിഞ്ഞ ഇരുപതാം തീയതി മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ലഗേജ് ഇരുപതു കിലോയിൽ അധികമാണെങ്കിൽ അധിക നിരക്കു നൽകേണ്ടിവരും. ആദ്യ അഞ്ചു കിലോയ്ക്ക് 1135 രൂപയും പത്തുകിലോയ്ക്ക് 1706 രൂപയുമാകും ഈടാക്കുക. യാത്രക്കൂലി നിരക്കു താരതമ്യേന കുറവായതിനാൽ ഗൾഫിലെ മലയാളി പ്രവാസികൾ ഏറെ ആശ്രയിക്കുന്നത് എയർ ഇന്ത്യാ എക്സ്‌പ്രസ് സർവീസുകളെയാണ്. അതുകൊണ്ടുതന്നെയാകാം അവരെ കൂടുതൽ പിഴിയാനുള്ള പുതിയ മാർഗം അവർ കണ്ടെത്തുന്നത്.

ഗൾഫ് നാടുകളിൽ കഷ്ടപ്പെടുന്ന പ്രവാസികൾ രണ്ടും മൂന്നും വർഷം കൂടുമ്പോഴാകും നാട്ടിൽ വന്നുപോകാൻ കഴിയുന്നത്. യാത്രാച്ചെലവിനും വിമാന ടിക്കറ്റിനു തന്നെ നല്ലൊരു തുക വേണ്ടിവരും. നാളുകൾക്കുശേഷം നാട്ടിൽ വരുന്നതല്ലേ കുട്ടികൾക്കും ബന്ധുക്കൾക്കും എന്തെങ്കിലും നൽകണമല്ലോ എന്ന ആഗ്രഹത്തിൽ ചില്ലറ സാധനങ്ങളുമൊക്കെയായിട്ടാകും നാട്ടിലേക്കുള്ള വരവ്. പുതിയ ലഗേജ് നിയന്ത്രണം അവർക്ക് മറ്റൊരു ബാദ്ധ്യതയാകാൻ പോവുകയാണ്. പെട്ടിയുടെ തൂക്കം ഇരുപതു കിലോ കടന്നാൽ അധിക നിരക്ക് നൽകേണ്ടിവരും. യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകളിൽ മാത്രമല്ല തിരിച്ചുപോകുമ്പോഴും ലഗേജ് നിയന്ത്രണം ബാധകമാണ്. മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രയ്‌ക്ക് ഇതുപോലുള്ള ലഗേജ് നിയന്ത്രണമില്ലെന്ന് ഓർക്കണം. യു.എ.ഇ.യിലെ ഇന്ത്യൻ പ്രവാസികളെ, അവരിൽ ഭൂരിഭാഗവും മലയാളികളാണ്, തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്ന ഈ നടപടിയിൽ നിന്ന് എയർ ഇന്ത്യ പിൻവാങ്ങണം. കടുത്ത വിവേചനമായേ ഇതിനെ കാണാനാവൂ. വിവരം പുറത്തുവന്നിട്ടും സംസ്ഥാനത്തെ ഉത്തരവാദപ്പെട്ടവരാരും തന്നെ ഈ അനീതിക്കെതിരെ പ്രതികരിച്ചിട്ടില്ല.

ഉത്സവ - ആഘോഷ വേളകളിൽ ടിക്കറ്റ് നിരക്ക് അഞ്ചും ആറും ഇരട്ടിയാക്കി പ്രവാസികളെ പിഴിയുന്നതിൽ മറ്റു കമ്പനികൾക്കൊപ്പം എയർ ഇന്ത്യയും കൂടാറുണ്ട്. എത്രയോ കാലമായി തുടർന്നുവരുന്ന ഈ ആകാശക്കൊള്ള തടയാൻ കേന്ദ്ര വ്യോമയാന വകുപ്പ് ഇന്നേവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇതൊക്കെ വിമാന കമ്പനികളുടെ പരിധിയിൽ വരുന്ന കാര്യമാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണു ചെയ്യുന്നത്. യാത്രക്കാരും ചില സംഘടനകളുമൊക്കെ പ്രതിഷേധവുമായി മുന്നോട്ടു വരാറുണ്ട്. എന്നാൽ ഒറ്റപ്പെട്ട ഇത്തരം പ്രതിഷേധങ്ങൾ ആരു വകവയ്ക്കുന്നു.

എയർ ഇന്ത്യാ എക്സ്‌‌പ്രസ് ലഗേജ് നിയന്ത്രണം നടപ്പാക്കിയതിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി വ്യോമയാന മന്ത്രിയെ കണ്ട് നിവേദനം നൽകിയിട്ടുണ്ട്. എന്തു മറുപടി നൽകിയെന്നതു വ്യക്തമല്ല കഴിഞ്ഞ കാലങ്ങളിലെ അനുഭവം വച്ചു നോക്കിയാൽ അനുകൂല തീരുമാനത്തിനു സാദ്ധ്യത കുറവാണ്. എന്നിരുന്നാലും യാത്രക്കാരുടെ ആവശ്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഒരു എം.പിയെങ്കിലും മുന്നോട്ടുവന്നത് സ്വാഗതാർഹമാണ്.

പൊതുമേഖലാ പദവി വിട്ട് സ്വകാര്യ മേഖലയിലേക്കു മാറിയപ്പോൾ യാത്രക്കാരോടുള്ള എയർ ഇന്ത്യയുടെ സമീപനത്തിൽ ആശാവഹമായ മാറ്റം ഉണ്ടാകുമെന്നായിരുന്നു പൊതുവേ പ്രതീക്ഷ. എന്നാൽ തുടർച്ചയായുണ്ടാകുന്ന പല ജനവിരുദ്ധ തീരുമാനങ്ങളും കാണുമ്പോൾ പ്രതീക്ഷകൾ അസ്ഥാനത്തായെന്നു തോന്നുകയാണ്.

ഇതിനിടെ വേണ്ടത്ര പരിചയമില്ലാത്ത പൈലറ്റുമാരുമായി മുംബയിൽ നിന്ന് ദോഹയിലേക്ക് സർവീസ് നടത്തിയതിന്റെ പേരിൽ എയർ ഇന്ത്യയ്ക്ക് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ 90 ലക്ഷം രൂപ പിഴ ചുമത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്. എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ, ട്രെയിനിംഗ് ഡയറക്ടർ എന്നിവർക്കും പിഴയിട്ടിട്ടുണ്ട്. ഓപ്പറേഷൻസ് ഡയറക്ടറെ സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്. സുരക്ഷാ ചട്ടം പാലിക്കാതെ യാത്രക്കാരുടെ ജീവൻ പണയം വച്ചുകൊണ്ടുള്ള ഇത്തരം വീഴ്ചകൾക്ക് ഇതിനെക്കാൾ വലിയ ശിക്ഷയാണു നൽകേണ്ടത്.