പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയിൻ സന്ദർശനത്തിൽ ലോകത്തിന് ശുഭപ്രതീക്ഷയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ കെട്ടിപ്പിടിച്ചതിനെ വിമർശിച്ച യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയെയും മോദി കെട്ടിപ്പിടിച്ചു. യുദ്ധത്തിന്റെ നടുവിൽ വിശ്വശാന്തിയുടെ ആഗോള മാനങ്ങളുള്ള രണ്ട് ആലിംഗനങ്ങൾ.
റഷ്യയുമായും യുക്രെയിനുമായും അടുത്ത ബന്ധമുള്ള രാജ്യമെന്ന നിലയിൽ, യുദ്ധം അവസാനിപ്പിക്കാൻ ഇടപെടാൻ ഇന്ത്യയോടാണ് പലരും ആവശ്യപ്പെട്ടത്. ഡൽഹി ജി 20 ഉച്ചകോടിയിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ പ്രസ്താവന ഇറക്കാനും ഇന്ത്യയ്‌ക്കായി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പുതിയൊരു ലോകക്രമം ഉരുത്തിരിയുകയാണ്. വെടിനിറുത്തലുണ്ടാക്കാൻ പോലും കഴിയാതെ ഐക്യരാഷ്ട്ര സംഘടനയുടെ പ്രാധാന്യം നഷ്ടമാകുമ്പോൾ ഈ വിഷയത്തിൽ ഇടപെടാൻ ഒരു പക്ഷവും പിടിക്കാത്ത ഇന്ത്യയ്‌ക്ക് അർഹതയും കടമയും ഉണ്ടെന്ന് ലോകം കരുതുന്നു. തുടക്കത്തിൽ അതിനുള്ള സാദ്ധ്യതകൾ വിദൂരമായിരുന്നു.
റഷ്യയും യുക്രെയിനും പരാജയം അംഗീകരിക്കാത്തതാണ് യുദ്ധവിരാമം നീളാൻ കാരണം. മോദി യുക്രെയിനിലേക്ക് പോകാനൊരുങ്ങിയപ്പോൾ പലരും പരസ്യമായി എതിർത്തു. യുക്രെയിൻ സന്ദർശനം യു.എസിനെ പ്രീതിപ്പെടുത്താനാണെന്ന് തെറ്റിദ്ധരിക്കപ്പെടുമെന്നും ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ആശയം അംഗീകരിക്കപ്പെടില്ലെന്നും വിമർശനമുയർന്നു. എന്നാൽ, സന്ദർശനത്തിനുള്ള ഉചിതമായ സമയവും സന്ദർഭവും ഇതാണെന്ന് മനസിലാക്കിയതാണ് ഇന്ത്യയുടെ വിജയം. അമേരിക്ക പരസ്യമായും റഷ്യ അല്ലാതെയും മോദിയുടെ സന്ദർശനത്തെ പ്രോത്സാഹിപ്പിച്ചു. റഷ്യ-യുക്രെയിൻ പ്രശ്നം വഷളായാൽ ഇന്ത്യ ഉൾപ്പെടുന്ന ഗ്ലോബൽ സൗത്ത് രാജ്യങ്ങളെയാകും അത് ഏറ്റവും ബാധിക്കുന്നത്. ഗ്ലോബൽ സൗത്തിന്റെ നേതൃത്വം ഇന്ത്യ ഏറ്റെടുക്കുന്ന കാലത്ത് മോദിയുടെ യുക്രെയിൻ സന്ദർശനത്തിന് പ്രസക്തിയേറുന്നു. ആരോഗ്യം,വിദ്യാഭ്യാസം അടക്കമുള്ള മേഖലകളിൽ ഉഭയകക്ഷി ചർച്ചകൾ നടന്നു.
യുദ്ധവിരാമം ഉണ്ടാകുമോ എന്നാവും ലോകം ഈ സന്ദർശനത്തെ ഉറ്റുനോക്കുന്നത്. അങ്ങനെ ചിന്തിച്ചാൽ സന്ദർശനം വിജയിച്ചെന്ന് പറയാറായിട്ടില്ലെങ്കിലും അതിനുള്ള അന്തരീക്ഷമൊരുക്കാൻ സാധിച്ചു. ഇന്ത്യയുടെ നീക്കത്തിലൂടെ യുദ്ധം അവസാനിച്ചാൽ മോദിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം വരെ ലഭിച്ചെന്ന് വരാം. നെഹ്റുവിന്റെ കാലത്തിന് ശേഷം ഇന്ത്യയ്ക്ക് നഷ്ടമായ 'ഗ്ലോബൽ പീസ് മേക്കർ' സ്ഥാനം തിരികെ ലഭിക്കും. ഇന്ത്യ നിഷ്പക്ഷതയ്ക്കൊപ്പമല്ല. സമാധാനത്തിന്റെ പക്ഷത്താണെന്ന മോദിയുടെ വാക്കുകളാണ് സന്ദർശനത്തിലൂടെ അടിവരയിടുന്നത്.