മമ്മൂട്ടി ഇരട്ടവേഷത്തിൽ എത്തി ഗംഭീരമാക്കിയ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ഇതു മൂന്നാം തവണയാണ് തിയേറ്ററിലേക്ക് എത്തുന്നത്. 2009ൽ സംസ്ഥാന പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സമയത്തും ചിത്രം തിയേറ്ററിൽ വീണ്ടും പ്രദർശിപ്പിച്ച് വിജയം കൈവരിച്ചിരുന്നു. സിനിമയിൽ രണ്ടു ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടി എത്തി. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ശ്വേത മേനോൻ മികച്ച നടിക്കുള്ള തന്റെ ആദ്യ സംസ്ഥാന ചലച്ചിത്ര അവാർഡും സ്വന്തമാക്കി. മാണിക്യം എന്ന ടൈറ്റിൽ കഥാപാത്രമായി മൈഥിലിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. സിദ്ധിഖ്, ശ്രീനിവാസൻ, ടി. ദാമോദരൻ, സുരേഷ് കൃഷ്ണ, ശശി കലിംഗ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം മനോജ് പിള്ള, ടി. പി രാജീവന്റെ ഒരു പാതിര കൊലപാതകത്തിന്റെ കഥയെ ആസ്പദമാക്കി രഞ്ജിത്താണ് തിരക്കഥ. എ വി എ പ്രൊഡക്ഷൻസ്, വർണചിത്ര എന്നീ ബാനറിൽ എ.വി അനൂപ്, മഹാ സുബൈർ എന്നിവർ ചേർന്നാണ് നിർമ്മാണം.