cpi

അഞ്ച് ജില്ലകളിൽ സേവ് സി.പി.ഐ ഫോറം ശക്തം

പ്രത്യേക എക്സിക്യൂട്ടീവ് അടുത്ത മാസം 5,6

തിരുവനന്തപുരം: ഉൾപ്പാർട്ടി തർക്കം രൂക്ഷമായ അഞ്ച് ജില്ലകളിൽ വിമതസേവ് സി.പി.ഐ ഫോറം സജീവമായതോടെ സംഘടനാ കാര്യങ്ങൾ പ്രത്യേക എക്സിക്യൂട്ടീവ് വിളിച്ച് ചർച്ച ചെയ്യാൻ തീരുമാനമായി. അടുത്ത മാസം 5,6 തീയതികളിൽ നടക്കുന്ന യോഗത്തിൽ പാർട്ടി അംഗത്വ കണക്കെടുപ്പിനൊപ്പം ജില്ലകളിലെ തർക്കങ്ങളും ചർച്ചയാവും.

കാസർകോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഉൾപ്പാർട്ടി പ്രശ്നങ്ങളുണ്ട്. പാലക്കാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ പാർട്ടിയെ തിരുത്താൻ ഔദ്യോഗിക പക്ഷത്തിനെതിരെ രൂപമെടുത്ത സേവ് സി.പി.ഐ ഫോറം ശക്തിപ്രാപിക്കുകയാണ്. പാലക്കാട്ട് ഈ വിമത വിഭാഗത്തിന് മുതിർന്ന നേതാവായ കെ.ഇ ഇസ്‌മായിലിന്റെ പിന്തുണയും സംസ്ഥാന നേതൃത്വത്തെ അസ്വസ്ഥമാക്കുന്നു. ജില്ലയിൽ സമാന്തര കമ്മറ്റികളടക്കം രൂപീകരിച്ച് വിമത പ്രവർത്തനം പാർട്ടി നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. വിമതർ തിരുത്തിയില്ലെങ്കിൽ അച്ചടക്ക ന‌ടപടിയിലേക്ക് നേതൃത്വം നീങ്ങിയേക്കും.

പത്തനംതിട്ടയിൽ ദീർഘനാളായി തുടരുന്ന പ്രശ്നങ്ങൾ പാർട്ടിയെ അലട്ടുന്നുണ്ട്. കോട്ടയത്ത് സദാചാരവിരുദ്ധ പ്രവർത്തനമടക്കം നടന്നു. എറണാകുളത്ത് ജില്ലാ സെക്രട്ടറിക്ക് സംഘടനാ പ്രവർത്തനം നടത്താനാവാത്ത സാഹചര്യമുണ്ട്. മലപ്പുറത്ത് ഒരു വിഭാഗം പ്രവർത്തകർ ബി.ജെ.പിയിലേക്ക് ചേക്കേറി. ഇതിൽ രണ്ട് ജില്ലകളിൽ അന്വേഷണ കമ്മീഷൻ നിലവിലുണ്ട്. യോഗത്തിന് മുമ്പ് റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ കമ്മീഷനുകൾ സമയം നീട്ടി ചോദിച്ചേക്കും.

അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ കാലത്തെ അഭിപ്രായ വ്യത്യാസങ്ങളാണ് ഭൂരിഭാഗം ജില്ലകളിലുമുള്ളത്. പാർട്ടിക്ക് പഴയ ലൈൻ നഷ്ടമായെന്നും തിരുത്തൽ അനിവാര്യമാണെന്നും സേവ് സി.പി.ഐ ഫോറത്തിലുൾപ്പെട്ടവർ വ്യക്തമാക്കുന്നു.