വെഞ്ഞാറമൂട്∙ സി.പി.എം ആലന്തറ ബ്രാഞ്ച് സെക്രട്ടറി ആലന്തറ പ്ലാവിള വീട്ടിൽ എസ്. സാബുവിനെ (28) കാണാനില്ല. മകനെ ബ്ളേഡ് മാഫിയ തട്ടിക്കൊണ്ടു പോയെന്ന് ചൂണ്ടിക്കാട്ടി പിതാവ് സുശീലൻ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ബുധനാഴ്ച മുതലാണ് സാബുവിനെ കാണാതായത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും മകൻ ബ്ളേഡ് മാഫിയയുടെ പിടിയിലാണെന്ന് സംശയിക്കുന്നതായും സുശീലൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ അന്വേഷണം തുടങ്ങിയതായി വെഞ്ഞാറമൂട് സി.ഐ അനൂപ് കൃഷ്ണ അറിയിച്ചു.
ജീവന് ഭീഷണിയെന്ന് കത്ത്
പൊതുപ്രവർത്തകനായ മകൻ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നത് പതിവാണെന്നും അത്തരത്തിൽ പോയതായിരിക്കുമെന്നുമാണ് സുശീലൻ ആദ്യം കരുതിയത്. എന്നാൽ, കാണാതാകുന്നതിന് മുമ്പ് വെഞ്ഞാറമൂട് പൊലീസ് ഇൻസ്‌പെക്ടർക്ക് നൽകുന്നതിനായി സുഹൃത്ത് മുഖാന്തരം സാബു ഒരു കത്ത് സുശീലന് എത്തിച്ചിരുന്നു. പേര് പറയാത്ത നാലുപേരിൽ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും അവർ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിക്കുകയാണെന്നും കത്തിൽ പറയുന്നു. മുമ്പൊരിക്കൽ ഈ സംഘം തന്നെ കൂട്ടിക്കൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ നാലു മണിക്കൂറോളം ക്രൂരമായി മർദ്ദിച്ച ശേഷം ഫോൺ തട്ടിയെടുത്തതായും കത്തിലുണ്ട്. മർദ്ദിച്ചത് ആരൊക്കെയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ അടക്കമുള്ള വിവരങ്ങൾ ഒരു വിശ്വസ്തനെ ഏൽപ്പിച്ചിട്ടുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ വീഡിയോ അയാൾ പൊലീസിന് കൈമാറും. മാനസികസമ്മർദം കൊണ്ട് താൻ ആത്മഹത്യ ചെയ്തേക്കാമെന്നും അതിനാൽ വീഡിയോ ദൃശ്യങ്ങൾ തന്റെ മരണമൊഴിയായി കണക്കാക്കണമെന്നും കത്തിൽ പറയുന്നു.