തിരുവനന്തപുരം:വീട്ടമ്മയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ ജാമ്യാപേക്ഷ വഞ്ചിയൂർ ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.പി. അനിൽകുമാർ തള്ളി. മജിസ്‌ട്രേറ്റ് കോടതി ഹർജി തളളിയതിനെ തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്. കൊറിയർ നൽകാനെന്ന വ്യാജേന ജൂലായ് 28ന് രാവിലെപേട്ട പാൽകുളങ്ങര ചെമ്പകശ്ശേരി പോസ്റ്റോഫീസ് ലെയിനിലുളള വീട്ടിലെത്തിയാണ് എൻ.ആർ.എച്ച്.എം ജീവനക്കാരിയായ വീട്ടമ്മയ്‌ക്ക് നേരെ ഡോക്ടർ വെടിയുതിർത്തത്. ഡോക്ടറുമായുള്ള സൗഹൃദം വീട്ടമ്മയുടെ ഭർത്താവ് അവസാനിപ്പിച്ചതാണ് പ്രകോപനത്തിന് കാരണം. തലയിൽ വെടിയേൽക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയുടെ ഇടത് കൈയിൽ വെടിയുണ്ട കയറുകയായിരുന്നു. ഡോക്ടറുടെ പരാതിയിൽ വീട്ടമ്മയുടെ ഭർത്താവിനെതിരെ ലൈംഗിക പീഡനത്തിന് പൊലീസ് കേസ് എടുത്തിരുന്നു.