ചെന്നൈ: സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളിൽ ‘അമ്മ’ സംഘടന വളരെ ശക്തമായി ഇടപെടേണ്ട സമയമാണിതെന്ന് നടി ഉർവശി ഓർമ്മിപ്പിച്ചു. ഉന്നത സ്ഥാനത്തിരിക്കുന്നവർക്കെതിരെ ആരോപണം ഉയർന്നാൽ ആ സ്ഥാനം വേണ്ടെന്നുപറയാൻ അവർക്ക് കഴിയണമെന്നും അതാണ് പക്വതയെന്നും ഉർവശി കൂട്ടിച്ചേർത്തു.
'അമ്മയുടെ എക്സിക്യുട്ടിവ് കമ്മിറ്റി ഉടൻ വിളിച്ചുചേർക്കണം. സിനിമയിൽ മോശം അനുഭവം ഉണ്ടായവർക്കൊപ്പമാണ് ഞാനും. പുരുഷൻമാർക്കെതിരെയാണ് ആരോപണം. സിനിമയിലെ എല്ലാ മേഖലയിലുമുള്ള പുരുഷൻമാർക്ക് ഇത് അപമാനമാണ്." ഇങ്ങനെയുള്ള പുരുഷൻമാർക്കിടയിലാണോ നിങ്ങൾ ജീവിക്കുന്നത് എന്ന കാര്യം ഞെട്ടലുണ്ടാക്കുന്നതാണെന്നും ഉർവശി പറഞ്ഞു. അന്തസ്സോടെ സ്ത്രീയും പുരുഷനും ഒരുമിച്ച് കൈകോർത്താണ് നല്ല സിനിമയുണ്ടാകുന്നത്. പരാതിയുള്ളവർ രംഗത്തുവരണം. സംഘടനയായതിനാൽ നിയമപരമായി മുന്നോട്ടുപോകാൻ കഴിയില്ല എന്ന് അമ്മ പറയരുത്. ഇത്രയും കാലം സിനിമയിലുണ്ടായിട്ട് മോശമായ ഒരു നോട്ടംപോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് കള്ളമാണ്. താത്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ചിലർ റീ ടേക്ക് എടുപ്പിക്കും. തനിക്കും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മരിച്ചുപോയവരായതുകൊണ്ട് പറയുന്നില്ലെന്നും ഉർവശി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
മോശം അനുഭവം ഉണ്ടായിട്ടുണ്ട്: അൻസിബ
തിരുവനന്തപുരം: സിനിമയിൽ നിന്ന് തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടിയും 'അമ്മ" എക്സിക്യുട്ടീവ് അംഗവുമായ അൻസിബ ഹസൻ. മോശം മെസേജ് അയച്ചയാൾക്ക് ചുട്ട മറുപടി കൊടുത്തു. പരാതിപ്പെടാൻ പോയില്ല. എനിക്കിഷ്ടപ്പെടാത്ത കാര്യം മുഖത്തുനോക്കി പറയുന്ന ആളാണ് ഞാൻ –അൻസിബ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ച് വർഷം ലോകം കാണാതിരുന്നത് വലിയ തെറ്റാണ്. സ്ത്രീകൾ അനുഭവിച്ച വേദനയാണ് ആ പേജുകളിലുള്ളത്.
വേദന അനുഭവിച്ചവർക്ക് നീതി ലഭിക്കണം. ആരോപണ വിധേയരായവർക്കെതിരെ തെളിവുകളും രേഖകളും ഉണ്ടെങ്കിൽ പേരു പുറത്തുപറയുന്നതിൽ തെറ്റില്ലെന്നും അൻസിബ പറഞ്ഞു.