തിരുവനന്തപുരം: പേരൂർക്കടയിൽ നിന്ന് ജലവിതരണം നടത്തുന്ന പ്രധാന പൈപ്പ്ലൈനിൽ അമ്പലമുക്ക് ജംഗ്ഷന് സമീപമുണ്ടായ ചോർച്ച പരിഹരിച്ചതായി ജലഅതോറിറ്റി അധികൃതർ അറിയിച്ചു.വ്യാഴാഴ്ചയാണ് ചോർച്ചയുണ്ടായത്.പണിയ്ക്കായി എടുത്ത കുഴിയും മൂടി.ഗതാഗതം പുനഃസ്ഥാപിച്ചു.പേരൂർക്കട,ഊളംപാറ, കുടപ്പനക്കുന്ന്,പട്ടം,പ്ലാമൂട്,ഗൗരീശപട്ടം,കുമാരപുരം,മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് പൈപ്പ്ലൈൻ തകരാറിനെ തുടർന്ന് ജലവിതരണം മുടങ്ങിയത്.ഇവിടങ്ങളിൽ ജലവിതരണം പുനഃസ്ഥാപിച്ചു വരികയാണ്. മൺവിള നിന്ന് പേരൂർക്കട ഭാഗത്തേക്കുള്ള കോൺക്രീറ്റ് പൈപ്പ്ലൈനുകളിൽ കാലപ്പഴക്കം കാരണമാണ് ഇടയ്ക്കിടയ്ക്ക് വിള്ളലുണ്ടാവുന്നത്.പ്രധാന റോഡുകൾ കടന്നുപോകുന്നതിനാൽ പൈപ്പ്ലൈൻ പൊട്ടുമ്പോഴുള്ള അറ്റകുറ്റപ്പണി ബുദ്ധിമുട്ടാണ്.അതേസമയം,തൈക്കാട് മുതൽ മാനവീയം വീഥി വരെ പഴയ കാസ്റ്റ് അയൺ പൈപ്പ് മാറ്റി ഡി.ഐ പൈപ്പുകൾ സ്ഥാപിക്കുന്ന പണി പുരോഗമിക്കുകയാണ്. 24 ഇന്റർകണക്ഷനിൽ വഴുതയ്ക്കാട് സിഗ്നൽ റോഡിൽ നിന്ന് ഗണപതി കോവിലിലേയ്ക്കും ആൾ ഇന്ത്യാ റേഡിയയിലേയ്ക്കുമുള്ള റോഡുകളിലെ ഇന്റർകണക്ഷനാണ് അവശേഷിക്കുന്നത്.