കോവളം: ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, എന്നെ അവർ നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചതാണ്...സുഹൃത്തുക്കൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതിനെ തുടർന്ന് പുറത്താക്കപ്പെട്ട തിരുവല്ലം വണ്ടിത്തടം എം.ജി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒന്നാംവർഷ വിദ്യാർത്ഥി ബിജിത്ത് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു പറഞ്ഞതിങ്ങനെ. കോവളം വെള്ളാർ ജംഗ്ഷനു സമീപം കൈതവിളയിൽ ബിജുവിന്റെയും ഡാലിമോളുടെയും മകൻ ബിജിത്ത് കുമാറാണ് (18) വീട്ടിലെ ബാത്ത്‌റൂമിൽ തൂങ്ങിമരിച്ചത്.
ബിജിത്ത് ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഡാലിമോൾ ഒരിക്കലും കരുതിയില്ല.അവശനായി വീട്ടിലെത്തിയ മകനെ കുളിപ്പിച്ച ശേഷം ഇനി ഇങ്ങനെയുണ്ടാവാതെ നോക്കണമെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. നിർദ്ധനരായ കുടുംബത്തിൽപ്പെട്ട ബിജിത്ത് പഠിക്കാൻ മിടുക്കനായിരുന്നു. മകനെ പഠിപ്പിച്ച് കുടുംബത്തിന് താങ്ങാക്കി മാറ്റുകയായിരുന്നു ലക്ഷ്യം.ബിജിത്തിന് നാട്ടിൽപോലും അടുത്ത സുഹൃത്തുക്കളായി ആരുമില്ലെന്ന് ഡാലിമോൾ പറഞ്ഞു. സ്‌കൂളിൽ ഒപ്പം പഠിച്ചിരുന്ന വാഴമുട്ടം സ്വദേശി സന്ദീപാണ് ഏക സുഹൃത്ത്. കോളേജിൽ നിന്ന് മടങ്ങിയെത്തിയാൽ അവൻ തിരുവല്ലത്തെ ജിമ്മിൽ പോകും. സന്ധ്യയ്‌ക്ക് മടങ്ങിയെത്തും. പിന്നെ പുറത്തുപോകില്ല. തനിക്കും മകൾക്കുപ്പൊമാണ് ഉറങ്ങാറുള്ളത് - കണ്ണീരോടെ ഡാലിമോൾ പറഞ്ഞു. സംഭവദിവസം ഉച്ചയോടെ മകനെയും കൂട്ടി മാതാപിതാക്കൾ വീട്ടിൽ എത്തിയിട്ടും വഴക്കൊന്നും പറഞ്ഞിരുന്നില്ല. അതേസമയം ബിജിത്ത് ജീവനൊടുക്കിയതിനു പിന്നാലെ പിതാവ് ബിനുവിനെ തിരുവല്ലം സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയത് ദുരൂഹമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.