ബാലരാമപുരം: ബാലരാമപുരത്ത് രണ്ട് കടകളിൽ നടന്ന മോഷണത്തിൽ 2.05 ലക്ഷം രൂപ കവർന്നു. കണ്ണൻ ഹാൻഡ്ലൂംസിലും തേമ്പാമുട്ടം ചാനൽപ്പാലം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മണപ്പാട്ടിൽ സൂപ്പർമാർക്കറ്റിലുമാണ് ഇന്നലെ പുലർച്ചെയോടെ കവർച്ച നടന്നത്.അഗസ്ത്യാർ തെരുവ് കണ്ണൻ ഹാൻഡ്ലൂമിലും അതിനോട് ചേർന്നുള്ള ശിവകാമി ഹാൻഡ്ലൂമിലുമായി മേശയിൽ സൂക്ഷിച്ചിരുന്ന 1.​45 ലക്ഷവും സൂപ്പർ മാർക്കറ്റിൽ നിന്ന് 60,​000 രൂപയുമാണ് കവർന്നത്. കണ്ണൻ ഹാൻഡ്ലൂമിന്റെ പിറകിലെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. കടയിലെ സി.സി. ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ മുഖംമൂടി ധരിച്ച രണ്ടുപേരുടെ ദൃശ്യങ്ങൾ ലഭിച്ചു. വെട്ടുകത്തി അടക്കമുള്ള ആയുധങ്ങളുമായാണ് മോഷ്ടാക്കളെത്തിയത്. കൂവളശ്ശേരി സ്വദേശിയായ ബിജുവിന്റെ ഉടമസ്ഥയിലുള്ള മാർജിൻ ഫ്രീ ബസാറിന്റെ കടയോട് ചേർന്നുള്ള ഗ്രിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് മോഷണം നടത്തിയത്. സ്റ്റോക്കെടുക്കാനായി വച്ചിരുന്ന പണമാണ് മോഷണം പോയത്. രണ്ടു കടകളിലും ഒരേസംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം.വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാ‌ഡും സ്ഥലത്ത് പരിശോധന നടത്തി. ഓണക്കാലത്ത് മോഷണം തടയാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.