തിരുവനന്തപുരം:സാലറി ചലഞ്ചിൽ പ്രതിപക്ഷ സംഘടനാ ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ, സമ്മതപത്രം നൽകാത്തവരുടെ ശമ്പളം പിടിക്കില്ലെന്ന് വ്യക്തമാക്കി ധനവകുപ്പ്.
വയനാട് പുനരധിവാസത്തിന് ആഗസ്റ്റിലെ അഞ്ച് ദിവസത്തെ ശമ്പളം പിടിക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്. അഞ്ച് ദിവസത്തെ ശമ്പളമെന്ന നിർബന്ധം പിടിക്കുന്നതാണ് പ്രതിപക്ഷ ജീവനക്കാരുടെ പരാതിയെങ്കിൽ അർഹമായ ആനുകൂല്യങ്ങൾ തുടർച്ചയായി നൽകാത്തതാണ് ജീവനക്കാരുടെ പൊതുവേയുള്ള താൽപര്യക്കുറവിന് കാരണം. ഫെറ്റോ,സെറ്റോ തുടങ്ങിയ പ്രതിപക്ഷ സംഘടനകളുമായും ജോയിന്റ് കൗൺസിൽ, എൻ.ജി.ഒ.യൂണിയൻ തുടങ്ങിയ ഭരണാനുകൂല സംഘടനകളുമായും മുഖ്യമന്ത്രി ചർച്ച നടത്തിയാണ് അഞ്ച് ദിവസത്തെ വേതനം പിടിക്കാൻ ഉത്തരവിറക്കിയത്. പ്രതിപക്ഷ സംഘടനകളിലെ ജീവനക്കാർ ഒന്നടങ്കം സമ്മതപത്രം നൽകില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സമ്മതപത്രം നൽകിയില്ലെങ്കിൽ സമ്മതമായി കണക്കാക്കുമെന്ന ഐ.എം.ജി.ഡയറക്ടറുടെ നിർദ്ദേശവും നൽകാത്തവരുടെ പി.എഫ്.വായ്‌പ പ്രൊസീഡ് ചെയ്യില്ലെന്ന സ്പാർക്ക് നോട്ടിഫിക്കേഷനും പ്രതിഷേധം ശക്തമാക്കി. നടപടികൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ സംഘടനാ നേതാക്കളായ സെറ്റോ ചെയർമാൻ ചവറ ജയകുമാറും ഫെറ്റോ പ്രസിഡന്റ് എസ്.കെ.ജയകുമാറും മുന്നറിയിപ്പ് നൽകി. പി.എഫ്.വായ്പാ തടസ്സം മാറ്റിയില്ലെങ്കിൽ സ്പാർക്ക് ഒാഫീസിന് മുന്നിൽ ധർണ്ണ നടത്തുമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ.പി.യും പറഞ്ഞു.പ്രക്ഷോഭത്തിറങ്ങുമെന്ന് സെക്രട്ടേറിയറ്റ് എംപ്ളോയീസ് സംഘ് പ്രസിഡന്റ് ആകാശ് രവിയും ജനറൽ സെക്രട്ടറി അജയ് കുമാറും പറഞ്ഞു. ഇതോടെയാണ് പി.എഫ്.വായ്പാതടസ്സം ഒഴിവാക്കിയെന്നും സമ്മതപത്രമില്ലെങ്കിൽ ശമ്പളംപിടിക്കില്ലെന്നും ധനകകുപ്പിന് വാർത്താകുറിപ്പ് ഇറക്കേണ്ടിവന്നത്.
ആഗസ്റ്റിലെ സാലറി ബിൽ ഇന്നലെ പൂർത്തിയായിട്ടും പകുതിയോളം ജീവനക്കാരേ സമ്മതപത്രം നൽകിയിട്ടുള്ളൂ. ഇവരിൽ ഏറെയും സർക്കാർ നിർദ്ദേശിച്ച പോലെ ഇൗ മാസം ഒരു ദിവസത്തെയും അടുത്ത രണ്ടു മാസങ്ങളിൽ രണ്ടു ദിവസത്തെ വീതവും പിടിക്കാനല്ല എഴുതിക്കൊടുത്തത്. ലീവ് സറണ്ടറിൽ നിന്ന് പിടിക്കാനും അടുത്ത മാസങ്ങളിൽ പിടിക്കുന്ന പി.എഫ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിന് എടുക്കാനുമാണ് നിർദ്ദേശിച്ചത്. സാലറി ചലഞ്ചിലൂടെ 480 കോടിയെങ്കിലും സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്.
"സമ്മതപത്രം നൽകാത്തവരുടെ ശമ്പളത്തിൽ നിന്ന് പണം പിടിക്കില്ല. അവർ പി.എഫ് വായ്പയെടുക്കുന്നത് തടസ്സപ്പെടുത്തിയിട്ടുമില്ല."
--ഡോ.എ.ജയതിലക്,ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി
ഓപ്പൺ യൂണി. അക്കാഡമിക് കൗൺസിലർ
പാനലിലേക്ക് അപേക്ഷിക്കാം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ, കേരളത്തിലെ 14 ജില്ലകളിലുമുള്ള പഠനകേന്ദ്രങ്ങളിൽ വിവിധ വിഷയങ്ങളിൽ യു.ജി/ പി.ജി പ്രോഗ്രാമുകളുടെ കൗൺസലിംഗിനായി അദ്ധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. കോളേജ്, യൂണിവേഴ്സിറ്റി സർവീസിലുള്ളവർക്കും വിരമിച്ചവർക്കും അദ്ധ്യാപകരാകാൻ യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഇക്കണോമിക്സ്, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, കൊമേഴ്സ്, മാനേജ്മെന്റ് വിഷയങ്ങളിലാണ് അക്കാഡമിക് കൗൺസിലർമാരെ ആവശ്യമുള്ളത്. www.sgou.ac.inവഴി സെപ്തംബർ 2 വൈകിട്ട് 5ന് മുൻപ് അപേക്ഷിക്കണം. ഫോൺ: 0474 2966841, 9188909901