തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേ പ്ലാറ്റ്‌ഫോമിന് അടിഭാഗത്തെ ടണലിലെ മാലിന്യം ജലസേചന വകുപ്പ് നീക്കും. 140 മീറ്റർ നീളമുള്ള തുരങ്കത്തിന്റെ അടിഭാഗത്തെ മണ്ണും ചെളിയും അടക്കം നീക്കാൻ ഇറിഗേഷൻ വകുപ്പിന് 63 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ചെലവിന്റെ പകുതിയെങ്കിലും വഹിക്കണമെന്ന സർക്കാർ അഭ്യർത്ഥന റെയിൽവേ നിരസിച്ചതിനു പിന്നാലെയാണ് എസ്റ്റിമേറ്റ് പ്രകാരമുള്ള മുഴുവൻ തുകയും വെള്ളപ്പൊക്ക നിവാരണ ഫണ്ടിൽ നിന്ന് ചെലവിടാൻ ധനവകുപ്പ് അനുമതി നൽകിയത്. റെയിൽവേയുടെ ഭാഗത്തുള്ള ടണലിലെ മാലിന്യം നീക്കുന്നതിനിടെ ശുചീകരണ തൊഴിലാളിയായ നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ജോയി ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.
അനുമതി ആശയക്കുഴപ്പത്തിനൊടുവിൽ
ജൂലായ് 18ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ടണൽ വൃത്തിയാക്കാനും വേലി കെട്ടാനും ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തിയത്. ഒരാഴ്‌ചയ്‌ക്കകം എസ്റ്റിമേറ്റ് തയ്യാറായെങ്കിലും പണം ചെലവഴിക്കുന്നതു സംബന്ധിച്ച് നഗരസഭയും റെയിൽവേയും തമ്മിൽ തർക്കത്തിലായിരുന്നു. പണം നൽകാനാവില്ലെന്ന് റെയിൽവേ നിലപാടെടുത്തു. ഇതോടെ ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് ഫയൽ ധനവകുപ്പിന് കൈമാറി. ഇതിനാണ് ഇന്നലെ ഭരണാനുമതിയായത്. ഏപ്രിൽ 20ന് റെയിൽവേ, കോർപ്പറേഷൻ, ഇറിഗേഷൻ വകുപ്പുകളുടെ സംയുക്ത പരശോധനയിലാണ് റെയിൽവേ പ്ലാറ്റ് ഫോമിന് അടിഭാഗത്തെ ടണലിൽ 1050 ഘന മീറ്റർ മണ്ണും ചെളിയും അടിഞ്ഞുകൂടിയിട്ടുള്ളതായി കണ്ടെത്തിയത്. ഇത് നീക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം മേജർ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തിയത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി രണ്ടാഴ്‌ചയ്‌ക്കകം പ്രവൃത്തികൾ ആരംഭിക്കാനാണ് തീരുമാനം.