 ജോലി കഴിഞ്ഞ് മടങ്ങിയ നഗരസഭ ജീവനക്കാരിക്കും കടിയേറ്റു

തിരുവനന്തപുരം: നഗരത്തിൽ തെരുവുനായ ജനങ്ങളെ ഓടിച്ചിട്ട് കടിച്ചു,​ 38 പേർക്ക് പരിക്കേറ്റു. കടിയേറ്റവരിൽ നഗരസഭ ജീവനക്കാരിയും ഉൾപ്പെടുന്നു. ഇന്നലെ വൈകിട്ട് 5നും രാത്രി എട്ടിനുമിടെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. നേമം പ്രദേശത്താണ് കൂടുതൽ പേർക്ക് കടിയേറ്റത്. നഗരമദ്ധ്യത്തിൽ ആയുർവേദ കോളേജിന് സമീപത്തും കൈമനം,​ ചിറമുക്ക്,​ കരമന പ്രദേശങ്ങളിലാണ് തെരുവുനായ ആളുകളെ കടിച്ച് കുടഞ്ഞത്. കിലോമീറ്ററുകളോളം ഓടിയ ഒരു നായയാണ് ആക്രമണം നടത്തിയത്. നായയ‌്ക്ക് പേവിഷബാധയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപ്പറേഷൻ അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് രാത്രി വൈകിയും നായയെ പിടികൂടാൻ കോർപ്പറേഷൻ ജീവനക്കാരുടെ രണ്ട് സംഘങ്ങൾ തെരച്ചിൽ തുടർന്നു.ഭയചകിതരായ ജനങ്ങൾ പൊലീസ് കൺട്രോൾ റൂമിലേക്കും കമ്മീഷണർ ഓഫീസിലേക്കും നിരന്തരം വിളിച്ചു.ഇവിടെ നിന്ന് നഗരസഭ ഓഫീസിലേക്ക് വിവരം കൈമാറി.ഇതോടെയാണ് നായയെ പിടിക്കാനുള്ള ശ്രമം ആരംഭിച്ചത്.

പരിക്കേറ്റ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ നേമം ശാന്തിവിള ഗവ. താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. ജനറൽ ആശുപത്രിയിൽ 20 പേരെയും ശാന്തിവിള താലൂക്ക് ആശുപത്രിയിൽ 9 പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ 9 പേരെയുമാണ് പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലുള്ള മൂന്നുപേരുടെ പരിക്ക് സാരമുള്ളതാണ്. ഗുരുതര പരിക്കുള്ളവരെ ശാന്തിവിള താലൂക്ക് ആശുപത്രിയിൽ നിന്നും ജനറൽ ആശുപത്രിയിൽ നിന്നും രാത്രി വൈകി മെഡിക്കൽ കോളേജിലേക്ക് അയച്ചു.

കോർപ്പറേഷൻ ജീവനക്കാരിയായ നേമം സ്വദേശി രമ്യ ബസിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് നായ ആക്രമിച്ചത്. പ്രദേശവാസികൾ, ജോലി കഴിഞ്ഞ് മടങ്ങിയവർ, വിദ്യാർത്ഥികൾ എന്നിങ്ങനെ നിരവധി പേരാണ് ആക്രമണത്തിന് ഇരയായത്. ബസ് സ്റ്റോപ്പുകളിൽ ബസ് കാത്തുന്നവർക്കിടയിലേക്കും നായ പാഞ്ഞുകയറി. ജീവൻ രക്ഷിക്കാനായി പലരും സമീപത്തെ വീടുകളിൽ ഉൾപ്പെടെ ഓടിക്കയറി. അപ്രതീക്ഷിതമായി നായയുടെ കടിയേറ്റ് ആളുകൾ കൂട്ടത്തോടെ എത്തിയപ്പോൾ ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവരും വലഞ്ഞു. നായ കടിയേറ്റ് എത്തുന്നവരുടെ മുറിവ് കഴുകി, ടി.ടി, പേവിഷ വാക്സിൻ രണ്ടുകൈകളിലും ,ഇമ്മ്യൂണോഗ്ലോബുലിൻ ടെസ്റ്റ് ഡോഡ്,ഫുൾ ഡോസ് തുടങ്ങിയ കുത്തിവെയ്പ്പുകൾ നൽകി നടപടികൾ പൂർത്തിയാക്കാൻ ഏറെ നേരം വേണം. കൂട്ടത്തോടെ ആളുകൾ എത്തിയപ്പോൾ ജീവനക്കാരും നെട്ടോട്ടമോടി.