തിരുവനന്തപുരം: തെരുവ് നായയുടെ ആക്രമണത്തിന് ഇരയായവരെല്ലാം ഭീതിമാറാത്ത അവസ്ഥയിലാണ് ആശുപത്രികളിലെത്തിയത്. വലിപ്പമുള്ള നായ പിന്നാലെ ഓടിയെത്തി കടിക്കുകയായിരുന്നുവെന്നാണ് പലരുടെയും ഓർമ്മ.

വീട്ടിൽ നിന്ന് സാധനം വാങ്ങാനായി റോഡിലേക്ക് ഇറങ്ങിയപ്പാഴാണ് കൈമനം സ്വദേശി ഗോപകുമാറിന് കടിയേറ്റത്.

മുട്ടിന് താഴെയാണ് കടിയേറ്റത്. കടിച്ചതിന് പിന്നാലെ കരമന ഭാഗത്തേയ്ക്ക് നായ ഓടിപ്പോയി. നഗരസഭ ജീവനക്കാരിയായ പാപ്പനംകോട് കൊച്ചു പണയാറത്തല വീട്ടിൽ രമ്യ ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് പിന്നാലെയെത്തിയ നായയുടെ ആക്രമണമുണ്ടായത്. വസ്ത്രങ്ങൾ കടിച്ചു പറിച്ചു. കൈയിലെ ബാഗ് കൊണ്ടടിച്ചപ്പോൾ അതും കടിച്ച് പിടിച്ചതോടെ പ്രാണരക്ഷാർത്ഥം രമ്യ ഓടി രക്ഷപ്പെടുകയായിരുന്നു.കരകുളം മേക്കതിൽ നടപ്പുര വീട്ടിൽ നിർമ്മലയുടെ കാലിൽ നായ കടിച്ചുപറിച്ചു, എല്ല് പുറത്ത് കാണുന്ന സ്ഥിതിയിലാണ്. റസൽപ്പുരം കാരത്തല അഞ്ജുഭവനിൽ അരുൺ പി.നായർ വണ്ടിയുടെ നമ്പർ പ്ലേറ്റ് എഴുതിവാങ്ങാൻ കാരയ്ക്കാമണ്ഡപത്തെ കടയിലെത്തിയപ്പോഴാണ് ആക്രമണത്തിന് ഇരയായത്. നായയ്ക്ക് പേവിഷ ബാധയുണ്ടോയെന്ന ആശങ്കയിലാണ് ആക്രമണത്തിന് ഇരയായവർ. കിലോമീറ്ററുകളോളം ഓടി നായ ആക്രണണം നടത്തിയത് നഗരസഭയ്ക്കും തലവേദനയായി. നഗരത്തിൽ തെരുവ് നായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെ കാര്യക്ഷമമല്ലെന്ന വിമർശനങ്ങൾക്കിടെയാണ് പുതിയ സംഭവം.