hi

വെമ്പായം: ജില്ലയിലെ പ്രധാന ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളിലൊന്നായ വെമ്പായത്തെ തമ്പുരാൻ തമ്പുരാട്ടിപ്പാറയോട് അധികൃത‌ർ മുഖം തിരിക്കുന്നതായി പരാതി.ഒരുകാലത്ത് നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയിരുന്നത്.എന്നാൽ സാമൂഹ്യവിരുദ്ധ ശല്യവും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം സഞ്ചാരികൾ കുറഞ്ഞു.

റവന്യു വകുപ്പിന്റെ കീഴിലാണ് തമ്പുരാൻ തമ്പുരാട്ടിപ്പാറ വരുന്നത്.മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ടൂറിസം കൗൺസിൽ തമ്പുരാൻ പാറയിൽ അടിസ്ഥാന നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.തുടർന്ന് പടിക്കെട്ടുകളും പാറകളിലേക്ക് കയറുന്നതിന് ഇരുമ്പ് കൈവരിയും തമ്പുരാട്ടിപ്പാറയുടെ മുകളിലായി വ്യൂ പോയിന്റും ടോയ്‌ലെറ്റും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും പണികഴിപ്പിച്ചു.എന്നാൽ ഇതെല്ലാം ഇപ്പോൾ കാടുകയറി നശിക്കുകയാണ്.

 സാമൂഹ്യ വിരുദ്ധശല്യവും

സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായതോടെ പാറയിലേക്കുള്ള കൈപ്പിടിയും കെട്ടിടത്തിലെ വയറിംഗും പ്ലംബിഗ് സാധനങ്ങളും നശിപ്പിച്ചു.ഇവരെ പേടിച്ച് സഞ്ചാരികളുടെ വരവും കുറഞ്ഞു.

സംരക്ഷണമില്ലാതെ

സംരക്ഷണമില്ലാതെയായതോടെ ടോയ്‌ലെറ്റ് ഉൾപ്പെടെയുള്ള കെട്ടിടം കാടുകയറി നശിക്കുകയാണ്.റവന്യൂ വകുപ്പിന് കീഴിലുള്ള തമ്പുരാൻ - തമ്പുരാട്ടിപ്പാറയെ പഞ്ചായത്ത് ഏറ്റെടുക്കാൻ തയ്യാറെന്ന് അറിയിച്ചിട്ടുണ്ട്.ഇവിടെ സെക്യുരിറ്റി ജീവനക്കാരനെ നിയമിക്കണമെന്നാവശ്യവും ശക്തമാണ്.

സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ മാണിക്കൽ ഗ്രാമപഞ്ചായത്ത് തയാറാണ്.വൈദ്യുതിയും സെക്യുരിറ്റി ജീവനക്കാരനും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി 20 ലക്ഷം രൂപയുടെ പദ്ധതിക്ക് പഞ്ചായത്ത് അനുമതി നൽകി.പ്രദേശത്തേയ്ക്കുള്ള റോഡും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തു.

കുതിരകുളം ജയൻ,പ്രസിഡന്റ്

മാണിക്കൽ പഞ്ചായത്ത്

തമ്പുരാൻപാറ ട്രക്കിംഗ് സെന്റർ:

ട്രക്കിംഗും സാഹസിക നടത്തവും ഇഷ്ടപ്പെടുന്നവർക്ക് തമ്പുരാൻ പാറയിലേക്ക് പോകാം.ചെങ്കുത്തായ കുന്ന് കടന്ന് 200ഓളം പടികൾ കയറിച്ചെല്ലുമ്പോൾ കാഴ്ചയുടെ സ്വർഗത്തെത്താം.തിരുമുറ്റംപാറ,മുത്തിപ്പാറ എന്നീ അംഗരക്ഷകന്മാരെയും തമ്പുരാട്ടിപ്പാറയും കടന്നുവേണം തമ്പുരാൻ പാറയിലെത്താൻ.

 കാഴ്ചയുടെ വസന്തം:

പാറയുടെ മുകളിലായി ശിവക്ഷേത്രവും അതിന് മുകളിലായി ഇരുപതടിയോളം ഉയരമുള്ള ഗണപതി വിഗ്രഹവും സ്ഥിതിചെയ്യുന്നു.സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 700 മീറ്ററോളം ഉയരത്തിൽ 15 ഓളം വിസ്തൃതിയിലാണ് പാറകൾ സ്ഥിതിചെയ്യുന്നത്.പാറയ്ക്ക് മുകളിൽ കൊടുംവേനലിലും വറ്റാത്ത നീരുറവ മറ്റൊരു കാഴ്ചയാണ്.