d

എന്തുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ എഡിറ്റഡ് രൂപം പുറത്തുവരുന്നതു പോലും ചിലർ ഭയപ്പെട്ടത് എന്നതിന്റെ ഉത്തരമാണ് കഴിഞ്ഞ രണ്ടു നാളായി മലയാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുറത്തുവന്ന റിപ്പോർട്ടിൽ ഇരകളുടെ പേരില്ല, വേട്ടക്കാരുടെ പേരില്ല, വീഡിയോ- ഓഡിയോ വിവരങ്ങളൊന്നുമില്ല. പക്ഷെ, ഇരകളിൽ ചിലരെങ്കിലും തന്റേടത്തോടെ വന്ന് വേട്ടക്കാരുടെ ചെയ്തികൾ അക്കമിട്ടു നിരത്തി. അവരുടെ പൊയ്‌മുഖം വലിച്ചുകീറി.

'അമ്മ" ഭരിക്കുന്നത് മാഫിയയാണെന്നു പ്രഖ്യാപിച്ചിട്ട് പോയ്‌മറഞ്ഞ മഹാനടൻ തിലകന്റെ വാക്കുകൾ കലാകാരന്മാരിൽ ചിലരെങ്കിലും വീണ്ടും ഏറ്റെടുക്കാൻ തയ്യാറായി. ജനറൽ സെക്രട്ടറി പദവി നടൻ സിദ്ദിഖിന് രാജിവയ്ക്കേണ്ടി വന്നതോടെ അടിവേരിളകിയത് 'അമ്മ" എന്ന സംഘടനയുടേതാണ്. രാജിവച്ചത് സിദ്ദിഖാണെങ്കിലും ഹേമ കമ്മിറ്റി കണ്ടെത്തിയ പവർ ഗ്രൂപ്പിലുള്ളവരും അവരുടെ ആശ്രിതരുമൊക്കെ ഞെട്ടിവിറച്ചിരിക്കുകാണ്. കാരണം,​ ആരെയൊക്കെ എങ്ങനെയൊക്കെ ഉപദ്രവിച്ചെന്ന് അവർക്കാണല്ലോ നന്നായി അറിയാവുന്നത്! അതിലാരെങ്കിലും ഒരാൾ രേവതി സമ്പത്തിനെപ്പോലെ പീഡന വിവരം വിളിച്ചുപറഞ്ഞാൽ ഇതുവരെ കെട്ടിപ്പൊക്കി കൊണ്ടുവന്ന ഇമേജൊക്കെ നിലംപരിശായിപ്പോകും.

സിദ്ദിഖിനെതിരെ ആരോപണം ഉയർന്നപ്പോഴൊന്നും മഹാനായ നടനെന്ന പേരിൽ അദ്ദേഹത്തെ ആരും ന്യായീകരിക്കാനൊന്നും വന്നില്ല. വാർത്താസമ്മേളനത്തിൽ സിദ്ദിഖിന്റെ അടുത്തിരുന്ന നടിമാർ പോലും ഒന്നും ഉരിയാടിയില്ല. അത്രമേൽ ഗൗരവമുളളതായിരുന്നു സിദ്ദിഖിന് എതിരെയുള്ള ആരോപണം. അതുമായി താരതമ്യം ചെയ്യുമ്പോൾ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം അല്പം ഗ്രേഡ് കുറഞ്ഞതാണെന്ന് ആരോപണം ഉന്നയിച്ച നടി തന്നെ വ്യക്തമാക്കിയതുമാണ്. പക്ഷെ, ഒരേസമയം ഇരയ്ക്കൊപ്പവും വേട്ടക്കാർക്കൊപ്പവും നിൽക്കുന്നത് അക്കാഡമി ചെയർമാന് ഭൂഷണമായിരുന്നില്ല.

സിദ്ദിഖിനെതിരെ രൂക്ഷ വിമർശനവുമായി ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച യുവനടി രേവതി സമ്പത്ത് അതിനുള്ള തെളിവു കൂടിയുണ്ടെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. സിദ്ദിഖിനെ സിനിമയിൽ നിന്ന് വിലക്കണമെന്നാണ് രേവതി പറയുന്നത്. സിനിമ മോഹിച്ചെത്തിയ തന്നെപ്പോലെയുള്ള പലരുടെയും സ്വപ്നങ്ങളിൽ ചവിട്ടി നേടിയ പദവിയാണിതെന്നും അവർ പറഞ്ഞു. ഇതുപോലെ എത്രയോ രേവതിമാരുടെ സ്വപ്നങ്ങൾ ചവിട്ടിയരയ്ക്കപ്പെട്ടിരിക്കുന്നു. അതിലൊക്കെ വില്ലൻ കഥാപാത്രങ്ങൾ മറ്റ് ഓരോരുത്തർ ആയിരിക്കാം. വെളിപ്പെടുത്തലിന്റെ നാവുകൾ തന്റെ പേര്

ശബ്ദിക്കരുതേ എന്ന നിശബ്ദ പ്രാർത്ഥനയുമായി കഴിയുകയല്ലാതെ,​ ആരും കുറച്ചുകാലത്തേക്ക് കൈയും തലയും പുറത്തിടില്ല!

വിഷയത്തിൽ വ്യക്തമായ പ്രതികരണം നടത്തിയില്ലെങ്കിലും തെറ്റുതിരുത്താൻ 'അമ്മ" നിർബന്ധിതമാകും. അത് എങ്ങനെ,​ എവിടെ നിന്ന് തുടങ്ങണം എന്നത് സംഘടയ്ക്കു മുന്നിലെ വെല്ലുവിളിയാണ്. ഇപ്പോഴുണ്ടായ ചെറിയ അഭിപ്രായ വ്യത്യാസം ഏതുനിമിഷവും പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെ എത്തിക്കാം. ഉടയേണ്ട വിഗ്രഹങ്ങൾ ഉടയണമെന്നും,​ അല്ലെങ്കിൽ ഉടയ്ക്കണമെന്നും,​ ഉപ്പുതിന്നവൻ വെള്ളം കുടിക്കണമെന്നും ഷമ്മി തിലകൻ പറയുന്നു. 'അച്ഛന്റെ ആത്മാവ് ഇവിടെത്തന്നെയുണ്ട്; അദ്ദേഹം അനുഭവിച്ചതും ഇവിടെയുണ്ട്. ഈ ചുഴലിക്കാറ്റ് ഇങ്ങനെ പലരെയും കൊണ്ടുപോകുമെന്നും" ഷമ്മി തിലകൻ പറയുമ്പോൾ പലരും സൂക്ഷിച്ചേ പറ്റൂ.

ഇതിനിടയിൽ,​ ആദ്യം ഇരയ്ക്കൊപ്പം നിൽക്കുകയും സിനിമാ രംഗത്തെ സ്ത്രീകളുടെ ശബ്ദമായി മാറുകയും ചെയ്ത ശേഷം 'പവർ ഗ്രൂപ്പി"നൊപ്പം ചേർന്ന് വഴി മാറിപ്പോയ ചിലരൊക്കെ നൈസായി തിരിച്ചുവന്നു തുടങ്ങിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചുവടുപിടിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ വില്ലന്മാരും വില്ലത്തികളുമാകുന്നവരാണ് ഇരകളുടെ പക്ഷത്തേക്കു മാറുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം അറിയിക്കാൻ 'അമ്മ"യ്ക്കു വേണ്ടി സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സിദ്ദിഖിന്റെ അരികിലിരുന്ന വൈസ് പ്രസിഡന്റ് ജയൻ ചേർത്തല അപ്പോഴൊന്നും പറഞ്ഞിരുന്നില്ല. സിദ്ദിഖ് രാജിവച്ചപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഇത്തരമൊരു ആരോപണമുണ്ടായാൽ ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് തുടരുന്നതു ശരിയല്ല എന്നാണ് സംഘടനയുടെയും തന്റെയും വ്യക്തിപരമായ അഭിപ്രായം എന്നായിരുന്നു പ്രതികരണം.

ഇതുവരെ പീഡന വിവരങ്ങൾ വെളിപ്പെടുത്തിയത് സിനമയിലെ സ്ത്രീകളാണ്. എന്നാൽ സിനിമാ രംഗത്തെ പ‌ീഡനങ്ങളക്കുറിച്ചും അതിനു പിന്നിലെ സകല ഉഡായ്പ്പുകളെ കുറിച്ചും രംഗത്തെ പുരുഷന്മാർക്ക് അറിയാം. വേട്ടക്കാരുടെ ഗണത്തിൽ വരുന്നത് വളരെ കുറച്ചു പേരാണെന്നിരിക്കെ,​ മറ്റുള്ളവർ മൗനം പാലിക്കുകയാണ്. അവർ കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞുതുടങ്ങിയാൽ കാര്യങ്ങൾ ഇവിടെയൊന്നും നിൽക്കില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ കോടതി നടപടികൾ തുടങ്ങാനിരിക്കുന്നതേയുള്ളൂ. ട്വിസ്റ്റുകൾ ഇനിയുമുണ്ടാകും. ചായം പൂശിയ മുഖംമൂടികൾ ഇനിയും അഴി‌ഞ്ഞുവീഴും.