തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഇന്ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ ശോഭായാത്ര നടക്കും. വൈകിട്ട് 4ന് പാളയം ഗണപതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ സമാപിക്കുന്ന യാത്ര കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം മഹാനഗർ രക്ഷാധികാരി ഡോ.ശ്യാം മോഹൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ ഗോകുലപതാക കൈമാറും. എ.രഞ്ജു കുമാർ,കെ.വി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ജന്മാഷ്ടമി ആഘോഷം ഉണ്ടായിരിക്കും. വൈകിട്ട് അഭിശ്രവണ മണ്ഡപത്തിൽ അലങ്കാര ഊഞ്ഞാലിൽ ഭക്തർക്ക് ഭഗവാന്റെ ബാലവിഗ്രഹങ്ങൾ ദർശിക്കാം. കാഞ്ഞിരംപാറ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്ര വൈകിട്ട് 6.30ന് വട്ടിയൂർക്കാവ് ശാസ്താക്ഷേത്രത്തിൽ നിന്നാരംഭിക്കും. രാത്രി 12ന് ഉറിയടി.
കഴക്കൂട്ടം കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 9.30ന് പാൽപ്പായസ പൊങ്കാല,12ന് പൊങ്കാല നിവേദ്യം, 3ന് ഉറിയടി, വൈകിട്ട് 5ന് ഗൗരീശങ്കരം ഭജന സമിതിയുടെ ഭക്തിഗാനാഞ്ജലി എന്നിവ നടക്കും. വഞ്ചിയൂർ ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പതിവ് പൂജകൾക്ക് പുറമേ രാവിലെ ഏഴിന് കേരള സർവകലാശാല മുൻ അച്യുത്ശങ്കർ എസ്.നായർ അവതരിപ്പിക്കുന്ന കർണാടകസംഗീത സദസും വൈകിട്ട് അഞ്ചിന് ശ്രീ കല്ലമ്മൻദേവി ഭജനസംഘത്തിന്റെ ഭജനയും ഉണ്ടായിരിക്കും. പുറമേ നെയ്യാറ്റിൻകര, നെടുമങ്ങാട്, ചിറയിൻകീഴ്, വർക്കല, കാട്ടാക്കട താലൂക്കുകളിലെ ചെറുതും വലുതുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിലും ആഘോഷവും പ്രത്യേക പൂജകളും ഉണ്ടായിരിക്കും. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ചനീണ്ട ആഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരം, നദീപൂജ,വൃക്ഷപൂജ,ഗോപൂജ,ഗോപികാനൃത്തം,ഉറിയടി എന്നിവ നടന്നു.
ബാലഗോകുലം കോവളം ഉപനഗരത്തിന്റെ ആഭിമുഖ്യത്തിൽ കോവളം ശ്രീ ധർമ്മശാസ്താ ക്ഷേത്രം, വട്ടപ്പാറ ശ്രീ തമ്പുരാൻ - വനദുർഗ്ഗ ഭഗവതി ക്ഷേത്രം, കെ എസ്. റോഡ് മലവിള മാടൻ തമ്പുരാൻ ക്ഷേത്രം, കോവളം വെള്ളാർ മഹാദേവ ക്ഷേത്രം, ആവാടുതുറ ദേവീ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് വൈകിട്ട് 4ന് ഉപശോഭായാത്ര നടക്കും. 5.30ന് കോവളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തും. തുടർന്ന് ക്ഷേത്രസന്നിധിയിൽ പ്രസാദവിതരണവും ഉറിയടിയും നടക്കും