തിരുവനന്തപുരം: നാലാം ക്ളാസിൽ കൊല്ലം സി.എസ്.ഐ ബാലമന്ദിരത്തിൽ താമസിക്കുമ്പോൾ തുണ്ടുപേപ്പറിൽ തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ കുറിച്ചുവയ്‌ക്കുമായിരുന്നു രാജാജി നഗർ (പഴയ ചെങ്കൽചൂള) സ്വദേശിനിയായ ധനുജകുമാരി. അഞ്ചാംക്ളാസ് പൂർത്തിയാക്കി രാജാജി നഗറിൽ മടങ്ങിയെത്തിയതോടെ പിന്നെ എഴുതിയത് അവിടത്തെ പൊള്ളുന്ന അനുഭവങ്ങൾ. ആ അനുഭവങ്ങൾ 10 വർഷം മുമ്പ് 'ചെങ്കൽച്ചൂളയിലെ എന്റെ ജീവിതം' എന്ന പുസ്തകമായി. ആ പുസ്തകം ഇന്ന് കണ്ണൂർ സർവകലാശാലയിൽ ബി.എയ്‌ക്കും കാലിക്കറ്റ് സർവകലാശാലയിൽ എം.എയ്‌ക്കും കോളേജ് വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളാണ്. ഇപ്പോഴിതാ രണ്ടാം ഭാഗമായ 'ചെങ്കൽച്ചൂളയിലെ എന്റെ ജീവിതം അല്ലെങ്കിൽ രാജാജിനഗർ' എന്ന പുസ്തകത്തിന്റെ രചനയിലാണ് ധനുജകുമാരി. നവംബർ ഒന്നിന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ പുസ്തകത്തിലില്ലാത്ത ചില സംഭവങ്ങളും പിൽക്കാലത്ത് കോളനിയിലുണ്ടായ മാറ്റവും രാജാജിനഗറിന്റെ ഹ്രസ്വചരിത്രവും അടങ്ങുന്നതാണ് രണ്ടാംഭാഗം.
എഴുത്തുകാരിയല്ല, എഴുതിയത് എന്റെ ജീവിതം
താനൊരു വലിയ സാഹിത്യകാരിയോ എഴുത്തുകാരിയോ അല്ലെന്നും സ്വന്തം ജീവിതമാണ് താൻ എഴുതിയതെന്നും ധനുജകുമാരി പറഞ്ഞു. ഒമ്പതാം ക്ളാസിൽ പഠനം അവസാനിപ്പിച്ചു. 15ാം വയസിൽ വിവാഹം. ചേരിനിവാസിയായതിനാൽ നിരവധി അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ധനുജകുമാരി വെളിപ്പെടുത്തി. വോട്ട് ബാങ്കായും കുറ്റവാളികളുടെ ഫാക്ടറിയായുമാണ് സമൂഹം ഞങ്ങളെ കണ്ടിരുന്നത്. ഇന്നും അതിന് വലിയ മാറ്റമൊന്നുമില്ല. സമൂഹത്തിൽ അവഗണിക്കപ്പെടേണ്ടവരല്ല ഞങ്ങൾ. അർഹിക്കുന്ന അംഗീകാരം ലഭിക്കണം.കോളനി എന്ന പദമല്ല മാറ്റേണ്ടത്. മറിച്ച് ആ പദത്തെ കുറിച്ച് സമൂഹത്തിനുള്ള തെറ്റിദ്ധാരണയാണ് - ധനുജകുമാരി പറഞ്ഞു. ചെട്ടിവിളാകം വാർഡിലെ ഹരിതകർമസേന പ്രവർത്തകയാണ് ധനുജകുമാരി. ഭർത്താവ് സുധീഷ് ചെണ്ട കലാകാരനാണ്. മക്കൾ നിധീഷും സുധീഷും സംഗീത കലാകാരന്മാരാണ്.
മനുഷ്യരെ മനുഷ്യരായി കാണണം, പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും, എന്റെ ജീവിതകാലം മുഴുവൻ എഴുതും
- ധനുജകുമാരി.എസ്