തെരുവുനായ്‌ക്കളുടെ വിഹാര കേന്ദ്രമായി ആശുപത്രികളും
തിരുവനന്തപുരം: തെരുവുനായ്‌ക്കളുടെ കടിയേറ്റ് ജനങ്ങൾ ചികിത്സ തേടിയെത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രിയും ജനറൽ ആശുപത്രിയും തെരുവുനായ‌്ക്കളുടെ വിഹാരകേന്ദ്രം.
തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി,കോട്ടയ്‌ക്കകം ആശുപത്രി,പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുടങ്ങി തലസ്ഥാനത്തെ പ്രധാന ആശുപത്രികളും ജില്ലയിലെ ഒട്ടുമിക്ക താലൂക്ക്,പി.എച്ച്.സി പരിസരവും തെരുവുനായ്‌ക്കളുടെ വിഹാരകേന്ദ്രമാണ്. ജനറൽ ആശുപത്രി പരിസരത്ത് തെരുവുനായ്‌ക്കളുടെ ശല്യം തുടങ്ങിയിട്ട് വർഷങ്ങളായി.
ഇവിടെ കിടപ്പുരോഗികളോ കൂട്ടിരിപ്പുകാരോ നായ്‌ക്കളെ പേടിച്ച് പുറത്തിറങ്ങാറില്ല. വിവിധ പരിശോധനകൾക്കായി പുറത്തിറങ്ങിയാൽ നായ്‌ക്കളുടെ ആക്രമണത്തെ ഭയക്കേണ്ട അവസ്ഥയിലാണ് രോഗികൾ. പലരും തലനാരിഴയ്‌ക്കാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നത്. ആശുപത്രി സെക്യൂരിറ്റിക്കാരോട് പറഞ്ഞാൽ ' ഞങ്ങളെന്ത് ചെയ്യാൻ ' എന്ന് കൈമലർത്തുകയാണ് പതിവ്. നായ്‌ക്കളുടെ ഓരിയിടൽ കാരണം രാത്രിയിൽ രോഗികൾക്ക് കിടന്നുറങ്ങാൻ പോലും കഴിയുന്നില്ലെന്നാണ് ആരോപണം. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തും തെരുവുനായ്‌ക്കളുടെ ശല്യമുണ്ടെന്നാണ് പരാതി.