തിരുവനന്തപുരം: ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ മാർത്താണ്ഡവർമ്മയുടെ കൽപ്രതിമ മാന്നാർ കുട്ടംപേരൂർ ക്ഷേത്രത്തിലെ മണ്ഡപത്തൂണിൽ കണ്ടെത്തി. മുൻ കുടുമയും വിടർന്ന കണ്ണുകളും നീണ്ട കൈകളുമായി, മുത്തുമാല ധരിച്ച് തൊഴുതു നിൽക്കുന്ന രാജാവിന്റെ പ്രതിമ തിരിച്ചറിഞ്ഞത് വ്ളോഗറായ വിനു ശ്രീധറാണ്.
പിടിച്ചെടുത്ത സ്ഥലങ്ങളിൽ ജനങ്ങളുടെ സ്വീകാര്യത ഉറപ്പിക്കാൻ മാർത്താണ്ഡവർമ്മ, മാവേലിക്കര ചെന്നിത്തല പ്രദേശങ്ങളിൽ നവീകരിച്ച ക്ഷേത്രങ്ങളിലൊന്നാണ് കുട്ടംപേരൂരെന്നും പ്രതിമ മാർത്താണ്ഡവർമ്മയുടേതാണെന്നും ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രം, പത്മനാഭപുരം കൊട്ടാരം എന്നിവിടങ്ങളിൽ കാണുന്ന മാർത്താണ്ഡവർമ്മ ശില്പങ്ങളുമായുള്ള സാമ്യമാണ് കുട്ടംപേരൂർ ശില്പം തിരിച്ചറിയാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചെന്നിത്തല പ്രദേശങ്ങളുടെ നികുതി പിരിവിനായി മാർത്താണ്ഡവർമ്മ നിയോഗിച്ച നാലേക്കാട്ടുപിള്ളമാരുടെ പിന്തുണയോടെ, കുട്ടംപേരൂർ വാര്യരായിരുന്നു ക്ഷേത്രനവീകരണം നടത്തിയത്.
1739 മുതൽ 1746 വരെയുള്ള ഏഴുവർഷക്കാലം മാർത്താണ്ഡവർമ്മ നടത്തിയ കായംകുളം യുദ്ധങ്ങളിൽ ആദ്യം പിടിച്ചെടുത്ത പ്രദേശങ്ങളിൽ ഒന്നായിരുന്നു ചെന്നിത്തല.
കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളിലൊന്നാണ് ദാരുശില്പങ്ങൾക്ക്പ്രശസ്തമായ കുട്ടംപേരൂർ കാർത്ത്യായനിക്ഷേത്രം.